സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് മിക്വെ

ഇസ്രയേലിലെ 2000 വർഷം പഴക്കമുള്ള ഈ പുരാവസ്തു കണ്ടെത്തലിലൂടെ അനാവൃതമാകുന്നത് സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയുടെ വേരുകളാണ്
A 2,000-year-old mikveh reminiscent of John the Baptist's baptismal ministry.

സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് 2000 വർഷം പഴക്കമുള്ള മിക്വെ

Updated on: 

റീന വർഗീസ് കണ്ണിമല

രണ്ടായിരം വർഷം പഴക്കമുള്ള ഒരു പുരാവസ്തു അത്ഭുതം കണ്ടെത്തി ഇസ്രയേലി പുരാവസ്തു വകുപ്പ്. ഗോലിയാത്തിന്‍റെ ജന്മസ്ഥലമായിരുന്ന പുരാതന ഫിലിസ്ത്യൻ നഗരമായ ഗാത്തി നു സമീപമുള്ള കിര്യത് ഗാറ്റിലാണ് ഈ സുപ്രധാന കണ്ടെത്തൽ നടന്നത്.

ആചാരപരമായ മുങ്ങിക്കുളിക്ക് ഉപയോഗിച്ചിരുന്ന മിക്വെ (mikveh) എന്ന കുളമാണ് ഇവിടെ കണ്ടെത്തിയത്. എഡി 70 ൽ രണ്ടാം ദേവാലയം തകർക്കപ്പെട്ടതിനു ശേഷവും ഈ പ്രദേശത്ത് നിലനിന്നിരുന്നതും റോമൻ സാമ്രാജ്യത്തിനെതിരായ അവസാന യഹൂദ കലാപമായ "ബാർ കൊഖ്ബ' (Bar Kokhba) വിപ്ലവം വരെ തുടർന്നതുമായ ഒരു യഹൂദ സമൂഹത്തിന്‍റെ അടയാളപ്പെടുത്തലാണ് ഈ കണ്ടെത്തൽ.

ബൈബിളിലെ ലേവ്യപുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, ആത്മീയ ശുദ്ധീകരണത്തിനോ വിശുദ്ധീകരണത്തിനോ വേണ്ടിയാണ് 'മിക്വെ' ഉപയോഗിച്ചിരുന്നത്. ക്രിസ്ത്യൻ സ്നാനശുശ്രൂഷയുടെ (baptism) ആവിർഭാവവുമായി ബന്ധപ്പെട്ട, രണ്ടാം ദേവാലയ കാലഘട്ടത്തിലെ ഒരു പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ കണ്ടെത്തൽ.

ഈ 'മിക്വെ' സംരക്ഷിക്കുന്നതിനായി, ഇസ്രായേൽ പുരാവസ്തു അതോറിറ്റി ആചാരപരമായ കുളിസ്ഥലം പൂർണ്ണമായും ഖനനം ചെയ്ത് അവിടെനിന്ന് മാറ്റി സ്ഥാപിച്ചു. റോമക്കാർ യഹൂദ ജനതയെ തുടച്ചുനീക്കാൻ ശ്രമിച്ചതിനുശേഷവും ഈ പ്രദേശത്ത് അവർ പൂർണ്ണമായും അപ്രത്യക്ഷമായിരുന്നില്ല എന്നതിന്‍റെ ഏറ്റവും പുതിയ പുരാവസ്തു തെളിവാണ് ഈ കണ്ടെത്തൽ.

1948-ൽ യഹൂദർ പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെടുകയും വിശുദ്ധ ഭൂമി പിടിച്ചെടുക്കുകയുമാണ് ചെയ്തതെന്ന് വിവരമില്ലാത്ത ചില ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ അവകാശപ്പെടുമ്പോൾ, ഈ ഭൂമിയുമായി യഹൂദർക്ക് വ്യക്തമായ ബന്ധമുണ്ടെന്നും അത് നിരന്തരം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇസ്രയേലിലെ പുരാവസ്തു ഗവേഷകർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഈ ഭൂമിയിലെ പുരാതന യഹൂദ സാന്നിധ്യത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന നിരവധി സുപ്രധാന പുരാവസ്തു കണ്ടെത്തലുകൾക്ക് പുറമേ, ചരിത്രപരമായ കത്തുകളും, ഹീബ്രു, അരാമിക്, അറബി ഭാഷകളിലുള്ള 400,000 പുരാതന കൈയെഴുത്തുപ്രതികൾ അടങ്ങിയ 'കെയ്റോ ജെനിസ' (Cairo Geniza) ശേഖരവും ഇതിന് കൂടുതൽ തെളിവുകൾ നൽകുന്നു.

ദൈവം തങ്ങൾക്ക് നൽകിയ വിശുദ്ധ ഭൂമിയിലെ ജൂതജനതയുടെ ഏകദേശം 4,000 വർഷം നീളുന്ന ചരിത്രത്തിലേക്കുള്ള മറ്റൊരു തെളിവായാണ് ഈ ആചാരപരമായ മുങ്ങിക്കുളി കുളത്തിന്‍റെ (ritual immersion pool) കണ്ടെത്തലിനെ കണക്കാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com