ഗംഗാജലവും രാമായണം പെയിന്‍റിങ്ങും; ബലേന്ദ്ര ഷായ്ക്ക് മോദിയുടെ സമ്മാനം

ഉത്തർപ്രദേശിലെ അയോധ്യയെയും നേപ്പാളിലെ ജനക്പുരിനെയും ബന്ധിപ്പിക്കുന്ന ട്രെയ്‌ൻ സർവീസും ഇരുനേതാക്കളും ചേർന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.
 Prime Minister Narendra Modi presents a brass pot filled with Ganga water to Balendra Shah, the Prime Minister of Nepal.

നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാജലം നിറച്ച പിച്ചളക്കുടം സമ്മാനിക്കുന്നു.

Updated on: 

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്ക്ക് സമ്പൂർണ രാമായണം ചിത്രീകരിച്ച കലംകാരി പെയിന്‍റിങ്ങും ബനാറസി ബ്രോക്കേഡ് ഷാളും ഗംഗാജലവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം. ഇന്നലെ കൂടിക്കാഴ്ചയ്ക്കിടെയാണ് നേപ്പാളും ഇന്ത്യയും തമ്മിലുള്ള ബന്ധവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന സമ്മാനങ്ങൾ കൈമാറിയത്. ഉത്തർപ്രദേശിലെ അയോധ്യയെയും നേപ്പാളിലെ ജനക്പുരിനെയും ബന്ധിപ്പിക്കുന്ന ട്രെയ്‌ൻ സർവീസും ഇരുനേതാക്കളും ചേർന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.

ശ്രീരാമന്‍റെ ജനനം, വനവാസം, രാവണനിഗ്രഹം, അയോധ്യയിലേക്കുള്ള തിരിച്ചുവരവ് എന്നിവ ചിത്രീകരിക്കുന്നതാണ് സമ്മാനമായി നൽകിയ പെയിന്‍റിങ്. ആന്ധ്ര പ്രദേശിലെ ശ്രീകാളഹസ്തി ശൈലിയിൽ മുളങ്കമ്പും പ്രകൃതിദത്ത നിറങ്ങളും ഉപയോഗിച്ച് തുണിയിൽ കൈകൊണ്ട് വരച്ചതാണിത്. അയോധ്യയും സീതാദേവിയുടെ ജന്മസ്ഥലമായ ജനക്പുരും തമ്മിലുള്ള ആത്മീയവും സാംസ്കാരികവുമായ ബന്ധത്തിന്‍റെ പ്രതീകമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വാരാണസിയിലെ നെയ്ത്തുകാർ നിർമിച്ച ബനാറസി പട്ടുഷാൾ ഗുജറാത്തിൽ നിന്നുള്ള പരമ്പരാഗത മരപ്പണി ചെയ്ത "സദേലി' പെട്ടിയിലാണ് സമ്മാനിച്ചത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തുനിന്ന് ശേഖരിച്ച ഗംഗാജലം പിച്ചള കുടത്തിലാക്കിയാണ് നൽകിയത്. കാശി വിശ്വനാഥനും കാഠ്മണ്ഡുവിലെ പശുപതിനാഥനും തമ്മിലുള്ള ആത്മീയ ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.