യുഎസ്-ഇറാൻ യുദ്ധം: 14 ഇന സമാധാനക്കരാർ ഇങ്ങനെ

യുഎസ്-ഇറാൻ യുദ്ധത്തിന് എന്നേയ്ക്കുമായി അന്ത്യം കുറിക്കും
The US-Iran war will end forever

യുഎസ്-ഇറാൻ യുദ്ധത്തിന് എന്നേയ്ക്കുമായി അന്ത്യം കുറിക്കും

Updated on

വാഷിങ്ടൺ: അമെരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാറിലെ വ്യവസ്ഥകൾ പുറത്തു വിട്ടു. 14 വ്യവസ്ഥകൾ ഉൾപ്പെട്ടതാണ് ഈ സമാധാനക്കരാർ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് യുദ്ധത്തിന് എന്നേയ്ക്കുമായി അന്ത്യം കുറിക്കും എന്ന തീരുമാനമാണ്.

വെള്ളിയാഴ്ച നടക്കാനിരുന്ന ഔദ്യോഗിക ഒപ്പു വെപ്പു ചടങ്ങിനു മുന്നോടിയായിട്ടാണ് അമെരിക്ക ഈ വിവരങ്ങൾ പുറത്തു വിട്ടത്. തുടർന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും സമാനമായ ഉള്ളടക്കമുള്ള രേഖ പ്രസിദ്ധീകരിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ചിരുന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പിന്നീട് അമെരിക്കയുടെയും ഇറാന്‍റെയും നേതാക്കൾ കരാറിൽ ഒപ്പു വച്ചതായും അത് ഉടൻ പ്രാബല്യത്തിൽ വന്നതായും അറിയിച്ചു.

അമെരിക്കയും ഇറാനും അവരുടെ സഖ്യ കക്ഷികളും നിലവിലെ യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ സൈനിക നടപടികളും ഉടൻ അവസാനിപ്പിക്കുകും ഭാവിയിൽ പരസ്പരം യുദ്ധമോ സൈനിക ആക്രമണമോ നടത്താതിരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു. ലെബനന്‍റെ പരമാധികാരവും ഭൗമപരമായ അഖണ്ഡതയും സംരക്ഷിക്കുമെന്നും കരാറിൽ പറയുന്നു.

ഇരു രാജ്യങ്ങളും പരസ്പരം തങ്ങളുടെ രാജ്യങ്ങളുടെ പരമാധികാരവും ഭൗമപരമായ അഖണ്ഡതയും അംഗീകരിക്കുകയും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു വ്യവസ്ഥ. അന്തിമ സമാധാനക്കരാർ പരമാവധി 60 ദിവസത്തിനകം പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കും.

പരസ്പര സമ്മതത്തോടെ കാലാവധി നീട്ടാം. ധാരണാപത്രം ഒപ്പു വച്ചതോടെ അമെരിക്ക ഇറാനെതിരായ നാവിക ഉപരോധം നീക്കം ചെയ്യാൻ തുടങ്ങും. 30 ദിവസത്തിനകം ഉപരോധം പൂർണമായും അവസാനിപ്പിക്കും.

അന്തിമ കരാറിനു ശേഷം 30 ദിവസത്തിനകം ഇറാന്‍റെ സമീപപ്രദേശങ്ങളിൽ നിന്ന് അമെരിക്കൻ സൈനിക സാന്നിധ്യവും പിൻവലിക്കും. ഇറാൻ പേർഷ്യൻ ഗൾഫിൽ നിന്ന് ഒമാൻ കടലിലേയ്ക്കും തിരിച്ചും വ്യാപാരക്കപ്പലുകൾക്ക് 60 ദിവസത്തേയ്ക്ക് സൗജന്യവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കും.

സാങ്കേതിക-സൈനിക തടസങ്ങളും കടലിലെ മൈനുകലും നീക്കം ചെയ്ത ശേഷം 30 ദിവസത്തിനകം സാധാരണ ഗതാഗതം പുന:സ്ഥാപിക്കും.അമെരിക്കയും പ്രാദേശിക പങ്കാളികളും ചേർന്ന് ഇറാന്‍റെ പുനർനിർമാണത്തിനും സാമ്പത്തിക വികസനത്തിനുമായി കുറഞ്ഞത് 300 ബില്യൺ ഡോളർ മൂല്യമുള്ള പദ്ധതി രൂപീകരിക്കും.

ഐക്യരാഷ്ട്ര സഭ, അമെരിക്ക എന്നിവ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും ഘട്ടം ഘട്ടമായി അവസാനിപ്പിക്കുന്നതിന് അന്തിമ കരാറിൽ വ്യവസ്ഥ ഉണ്ടാകും. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്നും ഉറപ്പു നൽകുന്നു എന്നിവ ഈ പതിനാലിന കരാറിൽ ഉൾപ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com