

ഹോർമുസ് കടലിടുക്കും സമീപ രാജ്യങ്ങളും.
MV Graphics
കെയ്റോ: ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ചർച്ചകളുമായി ഇറാനും ഒമാനും. തർക്കങ്ങൾ പരിഹരിച്ച് യുദ്ധത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരുന്നത്. ഇക്കാര്യം യുഎസും ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാൻ നിയന്ത്രണത്തിലുള്ള റൂട്ടിലൂടെ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുകയും ഒമാൻ നിയന്ത്രണത്തിലുള്ള റൂട്ടിലൂടെ പുറത്തുപോവുകയും ചെയ്യുന്ന രീതിയിലുള്ള കരാറിനാണ് രൂപം നൽകുന്നതെന്ന് രണ്ട് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഇറാൻ തുറമുഖങ്ങളിലെ ഉപരോധം അമേരിക്ക പിൻവലിക്കുകയാണെങ്കിൽ മാത്രമേ കരാർ യാഥാർഥ്യമാകൂ. കടലിടുക്കിന്‍റെ നിയന്ത്രണം ഇറാന് നൽകുന്ന ഒരു കരാറിനെയും ട്രംപ് ഭരണകൂടം മുൻപ് അംഗീകരിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ യുഎസ് വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നാണ് സൂചന. അങ്ങനെയെങ്കിൽ ബുധനാഴ്ച തന്നെ നിർണായക പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഉടൻ യാഥാർഥ്യമായേക്കുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. കടലിടുക്ക് തുറക്കുന്നതിനും സംഘർഷാവസ്ഥ സാധാരണ നിലയിലാക്കുന്നതിനും ബുധനാഴ്ചയോ വ്യാഴാഴ്ചയോ കരാർ ഉണ്ടായേക്കാനുള്ള സാധ്യതയുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റും വ്യക്തമാക്കി.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്‍റെയും അഞ്ചിലൊന്ന് കടന്നുപോയിരുന്ന നിർണായക ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്‍റെ ആക്രമണങ്ങളെത്തുടർന്ന് ഈ പാത അടഞ്ഞുകിടക്കുകയാണ്. സംഘർഷത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചതായി ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി അറിയിച്ചു.
ഭീഷണിയായി ഹൂതി ആക്രമണങ്ങൾ
ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും സമുദ്രമേഖലകളിൽ ആക്രമണങ്ങൾ തുടരുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിന് അജ്ഞാത വസ്തുവിന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്‍റർ അറിയിച്ചു. ഒമാൻ തുറമുഖമായ അൽ ഖസാബിന് വടക്കുകിഴക്കായി പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
അതേസമയം, ചെങ്കടലിൽ യെമന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഇടിച്ച് ഇന്ത്യയുടെ പതാകയേന്തിയ വാണിജ്യക്കപ്പൽ മുങ്ങി. യെമൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ അധികൃതരുമാണ് വിവരങ്ങൾ പുറത്തുവിട്ടത്. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരെയും ഒരു യെമൻ പൗരനെയും കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ചെങ്കടലിലെ കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടാറുള്ളത്.