

ലണ്ടൻ: ഏദൻ ഉൾക്കടലിൽ ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം. മർലിൻ ലുവാണ്ട എന്ന എണ്ണ കപ്പലാണ് ആക്രമണത്തിനിരയായത്. ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് വച്ച് ചെങ്കടലിലൂടെ കടന്നു പോകുന്നതിനിടെയാണ് ആക്രമണമെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻ അധികൃതർ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് തീ പിടിച്ചതായാണ് റിപ്പോർട്ട്. ആക്രമണം ഉണ്ടായ വിവരം കപ്പൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
യെമനിൽ അമെരിക്കയും ബ്രിട്ടനും നടത്തുന്ന ആക്രമണങ്ങൾക്കെതിരേയും പലസ്തീൻ ജനയ്ക്ക് പിന്തുണ നൽകിക്കൊണ്ടുമാണ് ആക്രമണം നടത്തിയതെന്ന് ഹൂതി കേന്ദ്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. റഷ്യയിൽ നിന്നുള്ള ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്.
യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് കാർണിക്കു നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു.