

അമെരിക്കൻ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ്
file photo
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ അമെരിക്കയുടെ ഒൻപതാം വ്യോമസേനാഭ്യാസം പശ്ചിമേഷ്യയിൽ തുടങ്ങിയതായി സ്ഥിരീകരിച്ച് പെന്‍റഗൺ. യുഎസ് സെൻട്രൽ കമാൻഡിന്‍റെ കീഴിലുള്ള ഈ അഭ്യാസം മേഖലയിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനും ഇറാന്‍റെ ഏത് നീക്കത്തെയും നേരിടാൻ യുഎസ് സജ്ജമാണെന്ന് ബോധ്യപ്പെടുത്താനുമായിട്ടാണ്.
വ്യോമാഭ്യാസത്തിലേയ്ക്ക് കടക്കും മുമ്പേ അമെരിക്കൻ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു. ഇതോടെ മേഖലയിലെ അമെരിക്കൻ വെടിക്കോപ്പുകളുടെയും സൈനികശേഷിയുടെയും അളവ് ഇരട്ടിയായി.
വ്യോമസേനയുടെ പ്രഹരശേഷി തെളിയിക്കുന്നതിനും സഖ്യകക്ഷികളുമായി ചേർന്ന് അതിവേഗം സൈനിക നീക്കം നടത്തുന്നതിനും ഈ അഭ്യാസം സഹായിക്കുമെന്ന് എഎഫ്സിഇഎൻടി കമാൻഡർ ഡെറക് ഫ്രാൻസ് പറഞ്ഞു. ഏതു പ്രതികൂല സാഹചര്യത്തിലും കൃത്യതയോടെ ബോംബ് വർഷിക്കാനും യുദ്ധ വിമാനങ്ങൾ പറത്താനും യുഎസ് സൈന്യത്തിനു സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനിൽ ഡിസംബറിൽ ആരംഭിച്ച പ്രതിഷേധം ഭരണകൂട വിരുദ്ധ വികാരമായി മാറിയിരിക്കുകയാണ്. ജനുവരി എട്ടു മുതൽ നടന്ന പ്രക്ഷോഭങ്ങളിൽ ഇതു വരെ ആറായിരത്തിലധികം പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമാക്കിയുള്ള മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു. 17,000 ത്തോളം മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാൻ ഭരണകൂടത്തിന് കർശന മുന്നറിയിപ്പ് നൽകിയത്.