ബ്രെക്സിറ്റ് ഹിത പരിശോധനയിൽ റഷ്യൻ ഇടപെടൽ: ബ്രിട്ടൻ

ഫ്രാൻസ് -ജർമനി വോട്ടർമാർക്കു മുന്നറിയിപ്പ് നൽകി ബ്രിട്ടൻ
British Prime Minister Andy Burnham.

ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം.

Updated on: 

ലണ്ടൻ: 2016ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന് ആവശ്യപ്പെട്ട് നടന്ന ഹിത പരിശോധനയിൽ റഷ്യ ഇടപെട്ടിരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം. ഹിത പരിശോധനയിൽ റഷ്യൻ ഇടപെടലുണ്ടായിരുന്നു എന്നു പരസ്യമായി വ്യക്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബേൺഹാം. ഫ്രാൻസിലെയും ജർമനിയിലെയും രാഷ്ട്രീയത്തെ സ്വാധീനിക്കാൻ റഷ്യൻ പിന്തുണയോടെ നടക്കുന്ന ശ്രമങ്ങളെ കുറിച്ച് യൂറോപ്യൻ വോട്ടർമാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിൽ എത്തിയ ശേഷം 2016ലെ ഹിത പരിശോധനയിൽ റഷ്യ ഇടപെട്ടിരുന്നോ എന്ന് അന്വേഷിച്ചിരുന്നു എന്നും അതിനു വ്യക്തമായ മറുപടി ലഭിച്ചതായും

‘ദി റെസ്റ്റ് ഈസ് പൊളിറ്റിക്‌സ്’ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ബേണ്‍ഹാം പറഞ്ഞു. ഞായറാഴ്ച പുറത്തുവിട്ട അഭിമുഖത്തില്‍, റഷ്യന്‍ ഇടപെടലുണ്ടായിരുന്നുവെന്നതിന് വ്യക്തമായ സ്ഥിരീകരണം ലഭിച്ചതായാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍, ഇടപെടല്‍ നടന്നത് എങ്ങനെയാണെന്നോ പ്രസ്താവനയ്ക്ക് ആധാരമായ തെളിവുകള്‍ എന്തൊക്കെയാണെന്നോ അദ്ദേഹം വിശദീകരിച്ചില്ല.

എന്നാൽ ഈ ആരോപണങ്ങൾ മോസ്കോ നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതാണ്. ബ്രിട്ടൻ റഷ്യാവിരുദ്ധ വികാരത്തിന്‍റെ പിടിയിലാണ് എന്നാണ് റഷ്യ ഇതിനോടു പ്രതികരിച്ചത്. ബേണ്‍ഹാമിന്‍റെ പ്രസ്താവനയോട് ലണ്ടനിലെ റഷ്യന്‍ എംബസി ഉടന്‍ പ്രതികരിച്ചില്ല. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ 2020ല്‍ ഹിതപരിശോധനയില്‍ റഷ്യന്‍ ഇടപെടലുണ്ടായതിന് തെളിവില്ലെന്ന് പറഞ്ഞിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ ഇന്‍റലിജൻസ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി 2020ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും 2016ലെ ഹിതപരിശോധനയില്‍ റഷ്യ ഇടപെട്ടോയെന്ന് കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു.

2016ലെ ഹിതപരിശോധനയില്‍ ബ്രിട്ടീഷുകാര്‍ 52 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനും 48 ശതമാനം പേര്‍ തുടരുന്നതിനും വോട്ട് ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൊന്നിന് ഇത് വഴിവച്ചു. 2014ല്‍ സ്‌കോട്ട്‌ലന്‍ഡിന്‍റെ സ്വാതന്ത്ര്യത്തിനായി നടന്ന ഹിതപരിശോധനയെയും സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചതായി പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, സ്‌കോട്ട്‌ലന്‍ഡ് സ്വതന്ത്രമാകുന്നതിനെ ഭൂരിപക്ഷം വോട്ടര്‍മാരും എതിര്‍ത്തു.

യൂറോപ്യന്‍ ജനാധിപത്യ രാജ്യങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ രാഷ്ട്രീയത്തെ സ്വാധീനിക്കാനും തടസപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകണമെന്ന് ബേണ്‍ഹാം പറഞ്ഞു. ഇത്തരം ഇടപെടലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തുന്നത് ഫ്രാന്‍സിലെയും ജര്‍മനിയിലെയും വോട്ടര്‍മാര്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രിട്ടനെ വീണ്ടും യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കുന്നതിനായി അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ തയ്യാറാണെന്ന് കഴിഞ്ഞ മാസം ബേണ്‍ഹാം വ്യക്തമാക്കിയിരുന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്‍റെ ബന്ധം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാകുകയാണ്.

logo
Metro Vaartha
www.metrovaartha.com