ഇന്ത്യൻ വിദ്യാർഥിനി അമെരിക്കയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

അപകടം ന്യൂയോർക്കിന്‍റെ വടക്കൻ മേഖലയിൽ സുഹൃത്തുക്കളോടൊപ്പം ക്ഷേത്രദർശനത്തിനു പോകവേ
Prasanna Atluria killed in car accident in America

അമെരിക്കയിൽ  വാഹനാപകടത്തിൽ കൊല്ലപ്പെട്ട പ്രസന്ന അറ്റ്ലൂരിയ

Updated on

ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. ന്യൂയോർക്കിന്‍റെ വടക്കൻ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയായ പ്രസന്ന അറ്റ്ലൂരിയ ആണ് കൊല്ലപ്പെട്ടത്. അപ്രതീക്ഷിത വിയോഗം കുടുംബത്തെ ദു:ഖത്തിലാഴ്ത്തി.

പേസ് സർവകലാശാലയിലെ ലൂബിൻ സ്കൂൾ ഒഫ് ബിസിനസിൽ നിന്ന് അടുത്തിടെ പഠനം പൂർത്തിയാക്കിയ പ്രസന്ന ജോലിക്കായി ശ്രമിച്ചു വരികയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിലേയ്ക്ക് പിന്നിൽ നിന്നു അതിവേഗത്തിൽ വന്ന വാഹനം ഇടിച്ചു കയറുകയായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്കു പോകവേയായിരുന്നു ദുരന്തമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ട്രാഫിക് സിഗ്നലിൽ കാർ നിർത്തിയിട്ടിരിക്കവേയാണ് പിന്നിൽ നിന്ന് അമിത വേഗത്തിൽ എത്തിയ വാഹനം ഇടിച്ചു കയറിയത്. ജൂലൈ അഞ്ചിനാണ് അപകടമുണ്ടായത്. അപകടത്തിൽ പ്രസന്നയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു യുവതിയും കൊല്ലപ്പെട്ടു.

മൂന്നാമത്തെ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലെ ഇബ്രാഹിം പട്ടണം മണ്ഡലത്തിലെ മൂലപ്പാട് ഗ്രാമത്തിലെ സാധാരണ കർഷക കുടുംബത്തിലാണ് പ്രസന്നയുടെ ജനനം. പിതാവ് അറ്റ്ലൂരി വസന്ത റാവു കർഷകനാണ്. മാതാവ് ബാഗ് നിർമാണ യൂണിറ്റ് നടത്തിവരികയാണ്. പ്രസന്നയുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നതിനും മറ്റു ചെലവുകൾക്കും ധനസമാഹരണ ക്യാംപയിൻ ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com