

ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റായി അധികാരമേൽക്കും മുൻപേ തന്നെ അനധികൃത താമസക്കാർക്കെതിരേയുള്ള നയം കടുപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ നയങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി യുഎസിൽ നിന്നുള്ള 18,000 അനധികൃത ഇന്ത്യൻ താമസക്കാരെ ഇന്ത്യ തിരിച്ചു വിളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുഎസുമായുള്ള സൗഹൃദത്തിൽ ഉലച്ചിൽ ഉണ്ടാകാതിരിക്കുന്നതിന്‍റെ ഭാഗമാണ് പുതിയ നീക്കം. യുഎസിൽ 18,000 ഇന്ത്യൻ പൗരന്മാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ഇരു രാജ്യങ്ങളും സംയുക്തമായി കണ്ടെത്തിയതാണ്.
അനധികൃത കുടിയേറ്റം തടയുമെന്നതാണ് പ്രചാരണത്തിലുട നീളം ട്രംപ് തുറുപ്പ് ചീട്ടായി ഉപയോഗിച്ചിരുന്നത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കുന്നതിനു പകരമായി നിയമാനുസൃതമായി എത്തുന്ന ഇന്ത്യക്കാരെ യുഎസ് സംരക്ഷിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എച്ച്-1ബി പ്രോഗ്രാമും സ്റ്റുഡന്‍റ് വിസ, നൈപുണ്യ തൊഴിലാളി വിസ എന്നിവ ഇന്ത്യക്കാർക്ക് മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെന്നും പ്രതീക്ഷയുണ്ട്.
2023ൽ 3,86,000 എച്ച്-1ബി വിസകളിൽ നാലിൽ മൂന്നു ഭാഗവും ഇന്ത്യയ്ക്ക് നൽകിയിരുന്നു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിലുള്ള ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറവാണ്.