

ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി
file photo
വാഷിങ്ടൺ: യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും തീരുവ കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഖത്തർ സന്ദർശനത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്‍റെ പരാമർശം. ഒരു തീരുവയും ചുമത്താത്ത രീതിയിലുള്ള കരാറിനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
എന്നാൽ, ഇന്ത്യയുമായി ധാരണയായെന്നു പറയുന്ന കരാറിലെ കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തു വിട്ടില്ല. ആപ്പിൾ ഇന്ത്യയിലെ ഉത്പാദനം വ്യാപിപ്പിക്കുന്നതിലെ അതൃപ്തി സിഇഒ ടിം കുക്കിനെ നേരിട്ട് അറിയിച്ചു എന്നും ട്രംപ് പറഞ്ഞു. ആപ്പിൾ യുഎസിലെ ഉത്പാദനം വർധിപ്പിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ, യുഎസിനെതിരെ പകരച്ചുങ്കം ചുമത്തുമെന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഇന്ത്യൻ ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തിയ യുഎസിനെതിരേ ബദൽ ചുങ്കവുമായാണ് ഇന്ത്യ രംഗത്തെത്തിയത്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് ലോക വ്യാപാര സംഘടനയ്ക്കു നൽകിയ കത്തിൽ ഇന്ത്യ പറഞ്ഞു.
ഈ വർഷം ആദ്യം അധികാരത്തിലെത്തിയ ഉടൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു മേൽ വൻ തീരുവ പ്രഖ്യാപിച്ചിരുന്നു.