'മുഹമ്മദ്' എന്ന് പേര് ഇഷ്ടമായില്ല; യുഎസിൽ ഊബർ ഡ്രൈവറെ കഴുത്തുഞെരിച്ച് കൊന്ന് ഇന്ത്യൻ വംശജൻ

യൂസഫിന്‍റെ പേര് ചോദിച്ച പട്ടേൽ, മുഹമ്മദ് എന്ന പേര് തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞതായി സഹോദരൻ കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു
Muhammad Yusuf (left), Samit Apurva Patel (right)

മുഹമ്മദ് യൂസഫ് (ഇടത്), സമിത് അപൂർവ പട്ടേൽ (വലത്)

Updated on: 

മിനിയാപൊളിസ്: അമെരിക്കയിൽ സോമാലിയൻ വംശജനായ ഊബർ ഡ്രൈവറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ യുവാവ്. മിനസോട്ടയിലെ മിനിയാപൊളിസിന് സമീപം ഹോപ്കിൻസിൽ നവംബർ 14നായിരുന്നു സംഭവം.

മുഹമ്മദ് യൂസഫ് (51) ആണ് കൊല്ലപ്പെട്ടത്. സമിത് അപൂർവ പട്ടേൽ (25) ആണ് പ്രതി. മുഹമ്മദ് എന്ന പേര് ഇഷ്ടമല്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് പ്രതി ഡ്രൈവറെ ആക്രമിച്ചതെന്നാണ് പൊലീസ് പറഞ്ഞു. യൂസഫ് യാത്രക്കാരനായ പട്ടേലിനെ കാറിൽ കയറ്റുന്നതിനിടെ സഹോദരനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. യൂസഫിന്‍റെ പേര് ചോദിച്ച പട്ടേൽ, മുഹമ്മദ് എന്ന പേര് തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞതായി സഹോദരൻ കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.

തുടർന്ന് പട്ടേൽ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് യൂസഫിന്‍റെ കഴുത്ത് ഞെരിക്കുകയും വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് യൂസഫിനെ റോഡരികിലെ കുഴിയിൽ ഉപേക്ഷിച്ചശേഷം കാറുമായി കടന്നുകളഞ്ഞു. ആക്രമണത്തിനിടെ സഹോദരൻ യൂസഫിന്‍റെ നിലവിളി ഫോണിലൂടെ കേട്ടിരുന്നു.

ആക്രമണത്തിൽ യൂസഫിന്‍റെ വാരിയെല്ലുകൾ, നട്ടെല്ല്, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയനായ അദ്ദേഹം രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നവംബർ 28ന് രാവിലെ ഹെനപ്പിൻ കൗണ്ടി മെഡിക്കൽ സെന്‍ററിൽ വച്ചായിരുന്നു മരണം.

സംഭവത്തിൽ പട്ടേലിനെതിരേ രണ്ടാം ഡിഗ്രി കൊലപാതകം, കാർ തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

1993ലാണ് യൂസഫ് അമെരിക്കയിലെത്തിയത്. അഞ്ച് മക്കളുടെ പിതാവായ അദ്ദേഹം വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തെ തുടർന്ന് മിനസോട്ടയിലെ സോമാലിയൻ സമൂഹത്തിനിടയിൽ ആശങ്ക ശക്തമായിട്ടുണ്ട്.