കസ്റ്റഡിയിലെടുക്കലും അറസ്റ്റും പരമോന്നത കോടതി വിധിയും

നിയമം അനുസരിച്ച് മാത്രമേ നിരോധന തടങ്കല്‍ ഉണ്ടാകുന്നുള്ളൂ എന്നുള്ളതാണ് ഏറ്റവും വലിയ പരിരക്ഷയെന്ന് ഭരണഘടനാ ശില്‍പി അംബേദ്കര്‍
 Custody and arrest and Supreme Court verdict

കസ്റ്റഡിയിലെടുക്കലും അറസ്റ്റും പരമോന്നത കോടതി വിധിയും

Updated on: 

അഡ്വ. ജി. സുഗുണന്‍

ജനാധിപത്യ തത്വങ്ങള്‍ ചര്‍ച്ച ചെയ്യവേ പ്രസിദ്ധ രാഷ്‌ട്ര തന്ത്രജ്ഞനായ ഹരോഡ് ലാസ്‌കി തന്‍റെ "ലിബര്‍ട്ടി ഇന്‍ ദ മോഡേണ്‍ സ്റ്റേറ്റ് ' എന്ന ഗ്രന്ഥത്തില്‍ പറയുന്നത്, ജനങ്ങള്‍ക്ക് തങ്ങളുടെ ഗവണ്‍മെന്‍റ് രൂപപ്പെടുന്നതില്‍ നിശ്ചിത കാലയളവുകളില്‍ അവസരം നല്‍കുന്ന ഒരു ചട്ടക്കൂടാണ് ആദ്യം ഉണ്ടാവേണ്ടത് എന്നാണ്. രണ്ടാമതായി, പൗരന്മാര്‍ക്ക് ചില മൗലികാവകാശങ്ങള്‍ ലഭ്യമാക്കുകയും ഈ അവകാശങ്ങള്‍ ജുഡീഷ്യല്‍ അധികാരങ്ങളും എക്‌സിക്യൂട്ടീവ് അധികാരങ്ങളും തമ്മില്‍ വേര്‍തിരിച്ച് സംരക്ഷിക്കപ്പെടുകയും ചെയ്യണം എന്നാണ്. മൂന്നാമതായി അഭിപ്രായ സ്വാതന്ത്ര്യം, സ്വേച്ഛാധികാരമായ അറസ്റ്റില്‍ നിന്ന് സംരക്ഷണം മുതലായ മൗലിക മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് ഒരു അവകാശസംഹിത നിലവില്‍ വരുത്തുകയാണ്.

ലാസ്‌കിയുടെ അഭിപ്രായ പ്രകാരം, ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രവര്‍ത്തിന് "നിയമ വാഴ്ച്ച'യ്ക്ക് (Rule of Law) സര്‍വോപരി സ്ഥാനം നല്‍കണം. നിയമത്തിന്‍റെ വാഴ്ച്ച നിലവിലുണ്ടെലേ യഥാര്‍ഥ ജനാധിപത്യ ഭരണക്രമം നടപ്പിലാക്കാന്‍ കഴിയൂ. പൗരന്മാര്‍ക്കെല്ലാവര്‍ക്കും സാമാന്യമായ സ്വാതന്ത്ര്യങ്ങള്‍ എത്രത്തോളം അനുഭവിക്കാന്‍ കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയവും പരാജയവും.

ഇന്ത്യന്‍ ഭരണഘടനയിൽ ഏറ്റവും ശ്രദ്ധേയമായതാണ് 21ാം വകുപ്പ്. ഇത് സംബന്ധിച്ചാണ് ഏറ്റവും ദീര്‍ഘവും ഏറ്റവും വിശദവുമായ ചര്‍ച്ചകള്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ നടന്നത്. "നിയമ സ്ഥാപിത നടപടി' (Procedure established by Law) മുഖേനയല്ലാതെ ഏതൊരാളുടേയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ അപഹരിച്ചു കൂടാത്തതാണെന്ന് ഇത് അനുശാസിക്കുന്നു. ഇപ്പോഴത്തെ വകുപ്പ് കരട് ഭരണഘടനയില്‍ നേരത്തേ ചേര്‍ത്തിരുന്നതിന്‍റെ പുതുക്കിയ രൂപമാണ്. നിയമോചിതമായ പ്രക്രിയയിലൂടെയല്ലാതെ (Without due process of Law) ആരുടേയും ജീവനും സ്വാതന്ത്ര്യവും അപഹരിച്ചു കൂടെന്നായിരുന്നു കരട് ഭരണഘടനയില്‍ ഉണ്ടായിരുന്നത്. 21ാം വകുപ്പിലെ പ്രധാന പദം നിയമമാണ്. ഇതിനെന്താണര്‍ഥം? അര്‍ഹമായ ഒരു നിയമ നിര്‍മാണ സഭ ഉണ്ടാക്കിയ നിയമമെന്നോ മൗലികമോ സ്വാഭാവികമോ ആയ നിയമമെന്നോ? ഭരണഘടനയില്‍ ഉദ്ഘാടനം കഴിഞ്ഞയുടന്‍ തന്നെ സുപ്രീം കോടതിക്ക് അഭിമുഖീകരിക്കേണ്ട വന്ന ഒരു പ്രശ്‌നമായിരുന്നു ഇത്. ഒടുവില്‍ മദ്രാസ് സംസ്ഥാനവും എ.കെ. ഗോപാലനും തമ്മില്‍ നടന്ന കേസില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ചുരുക്കത്തില്‍ 21ാം വകുപ്പ് അതില്‍ പ്രതിപാദിച്ചിട്ടുള്ള തോതില്‍ ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്നു. ഈ അവകാശം കേവല അവകാശമായി അത് അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, അവകാശത്തിന്‍റെ തന്നെ പരിധി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. കേവലാവകാശം ആ വകുപ്പിലെ നിര്‍വചനം അനുസരിച്ച് നിയമത്താല്‍ സ്ഥാപിതമായ നടപടിക്രമം മുഖേന അപഹരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആപത്ത് കൂടി ഉള്‍ക്കൊള്ളുന്നു. ഈ പരിമിതാവകാശമാണ് എക്‌സിക്യൂട്ടീവിനും നിയമസഭയ്ക്കുമെതിരായി 21ാം വകുപ്പ് കൊണ്ട് സംരക്ഷിക്കപ്പെടുന്നത്.

ഭരണഘടനയിലെ ജീവല്‍ പ്രധാനമായ 22ാം വകുപ്പ് 3 അവകാശങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. ഒന്നാമത് അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ അറസ്റ്റിനുള്ള കാരണം അറിയിക്കേണ്ടതാണ്. ഈ ഭരണഘടനാപരമായ ഉറപ്പ് നടപ്പിലാവുന്നില്ല എന്ന യാഥാര്‍ഥ്യം കണ്ടുകൊണ്ടായിരിക്കണം മൂന്നാഴ്ച്ചയ്ക്കു മുമ്പ് അറസ്റ്റ് ചെയ്യപ്പെടുന്നയാളിന് അതിന്‍റെ കാരണം അറിയിച്ചേ മതിയാകൂ എന്ന് പരമോന്നത കോടതി എടുത്തു പറഞ്ഞത്. രണ്ടാമത് അയാള്‍ നിശ്ചയിക്കുന്ന ഒരു അഭിഭാഷകനുമായി ആലോചിച്ച് അദ്ദേഹം മുഖേന കേസ് വാദിക്കാനുള്ള അവകാശം. മൂന്നാമത് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കപ്പെടുന്നയാളെ 24 മണിക്കൂറിനകം ഏറ്റവുമടുത്ത മജിസ്‌ട്രേറ്റിന്‍റെ മുമ്പാകെ ഹാജരാക്കേണ്ടതും, അദ്ദേഹത്തിന്‍റെ അനുമതിയോടു കൂടി തുടര്‍ന്ന് കസ്റ്റഡിയില്‍ വയ്ക്കാവുന്നതുമാണ്.

മൗലികമായ ഈ ഭരണഘടനാ അവകാശവും നടപ്പിലാകുന്നില്ല. നിയമം അനുസരിച്ച് മാത്രമേ നിരോധന തടങ്കല്‍ ഉണ്ടാകുന്നുള്ളൂ എന്നുള്ളതാണ് ഏറ്റവും വലിയ പരിരക്ഷയെന്ന് ഭരണഘടനാ ശില്‍പി അംബേദ്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തടങ്കല്‍ ഒരിക്കലും എക്‌സിക്യൂട്ടീവിന്‍റ ഇച്ഛാനുസരണം ആവാന്‍ പാടില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞിട്ടുമുണ്ട്.

അറസ്റ്റ് ചെയ്യപ്പെടുകയോ, കസ്റ്റഡിയിലെടുക്കപ്പെടുകയോ ചെയ്യുന്ന പതിനായിരക്കണക്കിന് പ്രതികളുടെ അവകാശങ്ങള്‍ നിഷ്‌കരുണം നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ചാണ് ഏറ്റവും ഒടുവില്‍ സുപ്രീം കോടതിയില്‍ നിന്ന് ഒരു ഉത്തരവ് പുറത്തു വന്നിരിക്കുന്നത്. പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനുള്ള സമയ പരിധി കസ്റ്റഡിയിലെടുക്കുമ്പോള്‍ മുതല്‍ തുടങ്ങുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഔപചാരികമായി അറസ്റ്റ് ചെയ്യുന്ന സമയം മുതല്‍ 24 മണിക്കൂറിനുള്ളിലാണ് ഹാജരാക്കേണ്ടതെന്നുള്ള കേരള ഹൈക്കോടതിയുടേത് അടക്കമുള്ള ഉത്തരവുകള്‍ തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഈ വിധി. വ്യക്തിയെ കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും തമ്മില്‍ കൃത്രിമമായ വ്യത്യാസങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. വ്യക്തിസ്വാതന്ത്ര്യം ഹരിക്കപ്പെടുന്നതു മുതലാണ് സമയ പരിധി തുടങ്ങുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയം മുതല്‍ തന്നെ ഈ 24 മണിക്കൂര്‍ ബാധകമാണ്. ഏതെങ്കിലും സമയത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നതിനു ശേഷമല്ല മജിസ്‌ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കാനുള്ള 24 മണിക്കൂര്‍ കണക്കാക്കേണ്ടത്.

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ത്രിപുര ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ 4 പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ ഉജ്ജല്‍ ഭുയാന്‍, അതുല്‍ എസ്. ചന്ദുര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചിന്‍റെ നിര്‍ണായകമായ ഉത്തരവ്. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലാണ് 24 മണിക്കൂര്‍ കണക്കാക്കേണ്ടതെന്ന വാദം കോടതി നിരീക്ഷിച്ചു. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്‌ട്രേറ്റിന്‍റെ കോടതിയിലേക്ക് യാത്ര ചെയ്യാന്‍ ആവശ്യമുള്ള ന്യായമായ സമയം മാത്രമേ 24 മണിക്കൂര്‍ പരിധിയില്‍ നിന്നും ഒഴിവാക്കാവൂ. ചോദ്യം ചെയ്യലിനും അന്വേഷണത്തിനും പരിശോധനയ്ക്കും എടുത്ത സമയം ഒഴിവാക്കാനാവില്ല. ജുഡീഷ്യല്‍ മേല്‍നോട്ടം ഇല്ലാതെ 18 മണിക്കൂര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത് ഗുരുതര വിഷയമാണ്. അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകിപ്പിക്കുന്നതും ചോദ്യം ചെയ്യല്‍ എന്ന പേരില്‍ തടഞ്ഞു വയ്ക്കുന്നതുമാണ് പലപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കസ്റ്റഡി പീഡനങ്ങള്‍ക്കും കാരണം. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയില്ലെങ്കില്‍ ആ വ്യക്തിയെ ഉടന്‍ തന്നെ മോചിപ്പിക്കണം.

പ്രതികളെ ഹാജരാക്കുമ്പോള്‍ കസ്റ്റഡിയിലെടുത്ത തീയതിയും സമയവും മജിസ്‌ട്രേറ്റുമാര്‍ രേഖപ്പെടുത്തണമെന്നും, 24 മണിക്കൂര്‍ പരിധി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. നിർദിഷ്ട പരിധി ലംഘിച്ചതായി കണ്ടാല്‍ പ്രതിയെ തല്‍ക്ഷണം മോചിപ്പിക്കാന്‍ ഉത്തരവിടണമെന്നും കോടതി വ്യക്തമാക്കി. സമാന വിഷയങ്ങളില്‍ ഒഡിഷ, മദ്രാസ്, കേരള ഹൈക്കോടതികള്‍ നല്‍കിയ ഉത്തരവുകള്‍ സുപ്രീം കോടതി തള്ളി. ചെറിയ കാലയളവില്‍ കസ്റ്റഡിയിലെടുക്കുന്നത് അറസ്റ്റായി പരിഗണിക്കാനാവില്ലെന്ന വാദവും കോടതി തള്ളി. അരുണ്‍ കെ തോമസ് (കേരള ഹൈക്കോടതി), കണ്ണന്‍ (മദ്രാസ് ഹൈക്കോടതി), ആര്യമാന്‍ പട്‌നായക് (ഒഡീഷ ഹൈക്കോടതി) എന്നിവരുടെ കേസുകളിലെ ഹൈക്കോടതി വിധികള്‍ ഭരണഘടനയുടെ 22 (2) അനുച്ഛേദത്തിന് പൂരകമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

2025 സെപ്തംബര്‍ 29 ഉച്ചയ്ക്ക് 2.30ന് 11.03 കിലോ മെത്താംഫെറ്റമൈന്‍ ഗുളികകളുമായി ത്രിപുരയില്‍ കസ്റ്റഡിയിലെയെടുത്ത പ്രതികളുടെ അറസ്റ്റ് പിറ്റേന്ന് രാവിലെ 11.15നാണ് അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയത്. അന്ന് വൈകിട്ട് 4.45 നാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഈ പ്രതികളെ ഹാജരാക്കിയത്. അപ്പോഴേക്കും കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ പിന്നിട്ടിരുന്നു. തെരച്ചിലിനും പരിശോധനയ്ക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തും വരെയുള്ള 18 മണിക്കൂര്‍ ഇടവേളയ്ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്ന് പരമോന്നത കോടതി വിലയിരുത്തി.

കസ്റ്റഡി പീഡനങ്ങള്‍ കൂടി കണക്കിലെടുത്താണ് നിര്‍ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ 24 മണിക്കൂര്‍ കസ്റ്റഡി കാലയളവ് പൊലീസിന്‍റെ നിയമപരമായ അവകാശമല്ലാതായി. തടങ്കലും അറസ്റ്റും തമ്മില്‍ കൃത്രിമ വേര്‍തിരിവ് അനുവദിക്കാന്‍ കഴിയില്ലെന്നും അന്വേഷണ ഘട്ടത്തിലാണ് ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ സംഭവിക്കാറുള്ളതെന്നും കസ്റ്റഡിയില്‍ പീഡനം ഇന്ത്യയില്‍ ദൗര്‍ഭാഗ്യകരമായ യാഥാര്‍ഥ്യമാണെന്നും കോടതി നിരീക്ഷിച്ചു. വിവരങ്ങളോ കുറ്റസമ്മതമോ നേരിടുന്നതിനായി അറസ്റ്റ് രേഖപ്പെടുത്താതെ ദീര്‍ഘ നേരം ചോദ്യം ചെയ്യല്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള രീതികള്‍ ചിലപ്പോള്‍ അവലംബിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ഒരാളെ അന്വേഷണ ഏജന്‍സി തടഞ്ഞു നിര്‍ത്തുന്ന നിമിഷം മുതല്‍ തന്നെ അദ്ദേഹത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഉറപ്പാക്കുകയാണ് കോടതികളുടെ ലക്ഷ്യം എന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

നമ്മുടെ സംസ്ഥാനത്തും രാജ്യത്തൊട്ടാകെയും പ്രതികളെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം കസ്റ്റഡിയില്‍ വച്ച് പീഡനങ്ങളോടു കൂടിയ അന്വേഷണം നടത്തിയതിനു ശേഷം ദിവസങ്ങള്‍ക്കു ശേഷമാണ് ഔദ്യോഗികമായ അറസ്റ്റ് രേഖപ്പെടുത്തുന്നത്. നഗ്നമായ മനുഷ്യാവകാശ ലംഘനവും ഭരണഘടനയെ വെല്ലുവിളിക്കലുമാണിത്. പരമോന്നത കോടതി ഈ വൈകിയ വേളയിലെങ്കിലും ഹീനവും മനുഷ്യത്വരഹിതവുമായ ഈ മനുഷ്യാവകാശ ലംഘനത്തിന് അറുതി വരുത്താന്‍ തയാറായത് ഇന്ത്യന്‍ നീതിന്യായ രംഗത്തെ സംബന്ധിച്ചിടത്തോളം ഐതിഹാസികമായ ഒന്നാണെന്നതില്‍ ഒരു സംശയവുമില്ല.

(ലേഖകന്‍റെ ഫോണ്‍: 9847132428)