

ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു, 8 പേർക്ക് പരുക്ക്
ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ ആക്രമണം. യുഎഇയുടെ എണ്ണക്കപ്പലിന് നേരേയാണ് ഇറാൻ ആക്രമണം നടത്തിയത്. ക്രൂയിസ് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 6 ഇന്ത്യക്കാരുൾപ്പെടെ 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒമാന്‍റെ പ്രാദേശിക സമുദ്രാതിർത്തിയിലെ ഹോർമുസ് കടലിടുക്കിന്‍റെ തെക്കൻ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന മൊംബാസ, ബാഹിയ എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് പിന്നാലെ ഇരുകപ്പലുകളും തീപിടിച്ചു. ഇടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.
ഇതിൽ മൊംബാസ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ ആറു ഇന്ത്യക്കാരും രണ്ട് ഉക്രൈൻ പൗരന്മാരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.