

ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ 3,000 ത്തോളം പേർ മരിച്ചുവീണേക്കുമെന്ന് കണക്കുകൂട്ടി ഇറാൻ; ആയിരത്തോളം പുതിയ കല്ലറകൾ പണിതു!
ടെഹ്റാൻ: യുഎസ് - ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ 1500 മുതൽ 3000 പേർ വരെ മരിച്ചേക്കാമെന്ന് കണക്കുകൂട്ടൽ. ഒരാഴ്ചത്തോളം നീളുന്ന സംസ്കാര ചടങ്ങുകൾക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്.
വിലാപയാത്രക്കിടെ ഉണ്ടാവുന്ന തിക്കിലും തിരക്കിലും നിരവധി പേർ മരിക്കുമെന്നാണ് ഇറൻ കണക്കുകൂട്ടുന്നത്. ഇറാനിയൻ റെഡ് ക്രസന്റും നാഷണൽ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷനും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മ റെസ ആരിഫിന് എഴുതിയ രഹസ്യ കത്തിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത്തരമൊരു വിവരം പുറത്തുവിട്ടിരിക്കുന്നത്.
ചടങ്ങുകൾക്ക് പ്രതീക്ഷിക്കുന്നതിലും അധികം ആളുകൾ എത്തിയേക്കുമെന്നാണ് അധികൃതർ കരുതുന്നത്. തിക്കും തിരക്കും ഉയർന്ന താപനിലയും അപകട കാരണമായേക്കും. ഇതേ തുടർന്ന് ടെഹ്റാനിലെ ബെഹെഷതെ സഹ്റ ഖബറിസ്ഥാനിൽ ആയിരത്തോളം പുതിയ കല്ലറകൾ ഒരുക്കിയതായും മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
വൻ ദുരന്തം സംഭവിച്ചാൽ മരിച്ചവരേയും കാണാതാകുന്നവരേക്കുറിച്ചും കൈകാര്യം ചെയ്യാൻ പ്രത്യേക യൂണിറ്റിനും അധികൃതർ രൂപം നൽകിയിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ചയാണ് ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. ജൂലൈ 9 നാണ് മഷ്ഹദ് നഗരത്തിൽ മൃതദേഹം കബറടക്കുക. ഫെബ്രുവരി 28 നായിരുന്നു യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടത്.