

ഇറാൻ തകർത്ത യുഎസ് യുദ്ധവിമാനങ്ങളിലൊന്ന്.
ദുബായ്: ഇറാന്‍റെ പ്രത്യാക്രമണത്തിൽ പശ്ചിമേഷ്യയിലെ യുഎസിന്‍റെ 13 താവളങ്ങൾ പുനർനിർമിക്കാനാവാത്ത വിധം തകർന്നെന്ന് അമെരിക്കൻ പത്രം ന്യൂയോർക്ക് ടൈംസ്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിലെ നാശനഷ്ടങ്ങൾ യുഎസും ഇസ്രയേലും മറച്ചുവയ്ക്കുകയാണെന്നും പത്രം പറയുന്നു.
ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിന് 16 യുദ്ധവിമാനങ്ങളും നഷ്ടമായെന്ന് മറ്റൊരു റിപ്പോർട്ടിലും പറയുന്നു. ഡ്രോണുകളും ജെറ്റുകളുമടക്കം വിമാനങ്ങളാണു നഷ്ടമായത്. കൂടാതെ സൈനികത്താവളങ്ങളിലെ റഡാർ സംവിധാനങ്ങളടക്കം തകർന്നു.
നേരത്തേ, ലിബിയയിലും ഇറാഖിലും നടത്തിയ സൈനിക നടപടിയിലും യുഎസിന് യുദ്ധവിമാനങ്ങൾ നഷ്ടമായിരുന്നു. എന്നാൽ, ഇതിനെക്കാൾ അധികം വിമാനങ്ങൾ ഇത്തവണ തകർന്നതായാണു റിപ്പോർട്ട്. യുഎസിന്‍റെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിലൊന്നായ എഫ് 35 ലൈറ്റ്‌നിങ് 2 വിഭാഗത്തിലുള്ള വിമാനവും തകർന്നു.
സൈനിക താവളങ്ങൾ തകർന്നതോടെ സൈന്യത്തെ താത്കാലികമായി ഹോട്ടലുകളിലേക്ക് ഉൾപ്പെടെ മാറ്റേണ്ടി വന്നിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഇറാനെതിരേ കരയുദ്ധത്തിനു യുഎസ് ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെയാണ് അമെരിക്കൻ താവളങ്ങൾക്കു കനത്ത നാശമുണ്ടായെന്ന വെളിപ്പെടുത്തൽ.
കുവൈറ്റിലെ ഷുവൈബ തുറമുഖം, അലിൽ അൽ സലേം വ്യോമതാവളം, ക്യാംപ് ബുഹ്റിങ് തുടങ്ങിയവയ്ക്കെല്ലാം കനത്ത നാശനഷ്ടമുണ്ടായി.
സൈനിക ഓപ്പറേഷനു വേണ്ട സാമഗ്രികൾ, വ്യോമതാവള റൺവേ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഇന്ധന പൈപ്പ് ലൈനുകൾ തുടങ്ങിയവയെല്ലാം ഇറാൻ തകർത്തു.
സൈനികരുടെ സുരക്ഷയിലും മേഖലയിലെ ദീർഘകാല വിന്യാസത്തിന്‍റെ സാധ്യതയിലും ആശങ്കയുയർത്തുന്നുണ്ട് ഇറാന്‍റെ ആക്രമണങ്ങൾ. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സംവിധാനങ്ങളും ഇറാൻ തകർത്തെന്നു ന്യൂയോർക്ക് ടൈംസ്.