

പ്രതീകാത്മക ചിത്രം
മനാമ: യുഎസ് നടത്തിയ ആക്രമണത്തിനു മറുപടിയായി കുവൈത്തിലും ബഹ്റൈനിലുമുള്ള അമെരിക്കൻ സൈനിക താവങ്ങൾക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം. മിസൈൽ, ഡ്രോൺ എന്നിവ ഉപയോഗിച്ചാണ് ഇറാൻ ബുധനാഴ്ച രാവിലെ ആക്രമണം നടത്തിയത്. അതേസമയം ഇറാന്‍റെ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈത്തും ബഹ്റൈനും അറിയിച്ചു.
അമെരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമാണ് ബഹ്റൈൻ. യുഎസ് കരസേനയുടെ കേന്ദ്രമാണ് കുവൈത്തിൽ ഉള്ളത്. ബുധനാഴ്ച പുലർച്ചെയാണ് ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ മൂന്നു കപ്പലുകളെ യുഎസ് സൈന്യം ആക്രമിച്ചത്. ഇതിനു മറുപടിയായി തൊട്ടുപിന്നാലെ ഇറാൻ ബഹ്റൈനിലും കുവൈത്തിലുമുള്ള യുഎസിന്‍റെ സൈനിക താവങ്ങൾക്ക് നേരെ വ്യോമാക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ യുഎസും ഇറാനും തമ്മിൽ വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. സംസ്കാര ചടങ്ങിന്‍റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വെടിനിർത്തൽ കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ചടങ്ങുകൾ കഴിഞ്ഞതോടെ വീണ്ടും പോർവിളി തുടങ്ങുകയായിരുന്നു. ഇതോടെ പശ്ചിമേഷ്യ വീണ്ടും കനത്ത സംഘർഷാവസ്ഥയിലേക്ക് പോവുകയാണ്. സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിനാൽ യുഎസ് ഇറാന് മേൽ ആക്രമണം കടുപ്പിക്കുമെന്നാണ് സൂചന.