ദുബായ്: ഇന്റലിജന്‍റ് ട്രാൻസ്‌പോർട് സിസ്റ്റംസ് ലോക കോൺഗ്രസിനും പ്രദർശനത്തിനും തിങ്കളാഴ്ച വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാവും. മുപ്പതാമത് പതിപ്പിൽ 20000 പ്രതിനിധികൾ പങ്കെടുക്കും. 200 സെഷനുകളിലായി 800 പ്രഭാഷകർ ബൗദ്ധിക ഗതാഗത സാങ്കേതിക പുരോഗതിയെക്കുറിച്ച് സംസാരിക്കും. 'ചലനാത്മകതയെ ശക്തിപ്പെടുത്തുന്ന ബൗദ്ധിക ഗതാഗത സംവിധാനം' എന്ന പ്രമേയത്തിൽ നടക്കുന്ന ആഗോള സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
യൂറോപ്യൻ ഐ ടി എസ് സംഘടനയായ എർട്ടിക്കോ യുടെ നേതൃത്വത്തിൽ ഐ ടി എസ് അമേരിക്ക,ഐ ടി എസ് ഏഷ്യ പസഫിക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. നഗര ഗതാഗതം, പരിസ്ഥിതി സൗഹൃദ ഗതാഗതം,സ്വയം നിയന്ത്രിത ചലനാത്മകത, ഈ മേഖലയിലെ പുതുചലനങ്ങൾ, സൈബർ സുരക്ഷ, ഡ്രൈവിങ്ങ് രംഗത്തെ മാറ്റങ്ങൾ, സർക്കാർ നയങ്ങൾ, സുസ്ഥിര ആസൂത്രണം, ഭാവി ഇന്ധനം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
ഐ ടി എസ് ലോക കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഗതാഗത സാങ്കേതികതയിൽ സുസ്ഥിരമായ പുരോഗതി കൊണ്ടുവരാനുള്ള ദുബായ് സർക്കാരിന്റെ പ്രതിബദ്ധതയാണ് അനാവരണം ചെയ്യപ്പെടുന്നതെന്ന് ദുബായ് ആർ ടി എ അധികൃതർ അറിയിച്ചു.