

ശത്രുവിനെതിരേ അതിശക്തമായ പുതിയ ആയുധം: യുഎസിനെതിരേ പുതിയ പ്രഖ്യാപനവുമായി ഇറാൻ
ടെഹ്റാൻ: ശത്രുവിനെതിരേ അതിശക്തമായ ആയുധമെന്ന പ്രഖ്യാപനവുമായി ഇറാൻ. നിലവിലെ ഇറാൻ-യുഎസ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ശത്രുരാജ്യങ്ങൾ ഭയക്കുന്ന അതിശക്തമായ പുതിയ ആയുധം ഉടൻ വെളിപ്പെടുത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയത്.
സമാധാന കരാറിന് ഇറാന്‍റെ പുതിയ നിർദേശങ്ങൾ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളിയതിനു പിന്നാലെയാണ് ഇറാന്‍ സൈന്യത്തിന്‍റെ ഭാഗത്തു നിന്ന് ഇത്തരം ഒരു ആയുധ പ്രഖ്യാപനം പുറത്തു വന്നത്. ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ വിന്യസിച്ചിരിക്കുന്ന ഒരു ആയുധമായിരിക്കും ഇതെന്ന് ഇറാൻ നേവി കമാൻഡർ ഷഹ്റാം ഇറാനി വ്യക്തമാക്കി.
ഇറാൻ നേവി കമാൻഡർ ഷഹ്റാം ഇറാനി
ഇറാനെതിരേയുള്ള യുദ്ധത്തിൽ വളരെ വേഗത്തിൽ വിജയം കൈവരിക്കാമെന്ന ശത്രുക്കളുടെ മോഹം വെറും തമാശയായി മാറിയെന്ന് ഇറാൻ സൈന്യം പരിഹസിച്ചു. മൂന്നു ദിവസം മുതൽ ഒരാഴ്ചയ്ക്കുള്ളിൽ ഇറാനെ കീഴടക്കാമെന്നാണ് ശത്രുക്കൾ കരുതിയിരുന്നത്. എന്നാൽ സൈനിക സർവകലാശാലകളിൽ ഇപ്പോൾ ഇത് ഒരു തമാശയായാണ് പറയപ്പെടുന്നതെന്നും നേവി കമാൻഡർ കൂട്ടിച്ചേർത്തു.
അമെരിക്കയുടെ നിർബന്ധം തുടരുകയും ഇറാന്‍റെ നിബന്ധനകൾ തള്ളുകയും ചെയ്താൽ തികച്ചും വ്യത്യസ്തമായ പ്രതികരണം ശത്രുക്കൾ പ്രതീക്ഷിക്കേണ്ടി വരുമെന്ന് കമാൻഡർ മുന്നറിയിപ്പു നൽകി.