ഇറാനിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

ഹോർമൂസിൽ രൂക്ഷ സംഘർഷം
 US attacks on rocket launch sites in Iran

ഇറാനിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം

Updated on

വാഷിങ്ടൺ: ഇറാനിലെ രണ്ടു റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം ആക്രമണം നടത്തിയതായി യുഎസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ലാരക് ദ്വീപിലെ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. മൈനുകള്‍ ഘടിപ്പിച്ച റോക്കറ്റുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് വിക്ഷേപിക്കാന്‍ ഐആർജിസി തയ്യാറെടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നാണ് യുഎസിന്‍റെ വിശദീകരണം.

പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഹോര്‍മുസ് കടലിടുക്കിന്‍റെ കിഴക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ഇറാനിയന്‍ ദ്വീപാണ് ലാരക്. ലോകത്തിലെ പ്രധാനപ്പെട്ട വാണിജ്യ ജലപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് നിലവിലെ അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിന്‍റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. മേഖലയിലെ സ്ഥിതിഗതികള്‍ അമേരിക്കന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഹോര്‍മുസ് കടലിടുക്ക് മൈനുകളില്‍ നിന്ന് സുരക്ഷിതമാക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ലാരക് ദ്വീപിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്കന്‍ ആക്രമണം നടത്തിയത്. പ്രധാനപ്പെട്ട ഈ ജലപാതയിലൂടെയുള്ള വാണിജ്യ ഗതാഗതം നിർബാധം നടക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും യുഎസ് അറിയിച്ചു.

അതേസമയം, ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കാനുള്ള നീക്കങ്ങളും ട്രംപ് ഭരണകൂടം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിനായി ജൂണില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരസ്പര ആക്രമണങ്ങള്‍ തുടരുകയാണ്. ഞായറാഴ്ച രാത്രിയുണ്ടായ യുഎസ് ആക്രമണത്തിന് ” ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്നും” ഐആർജിസി വ്യക്തമാക്കി. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഐആർജിസിയുടെ പ്രതികരണം പ്രസിദ്ധീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com