റഷ്യയ്ക്കു വേണ്ടി ചാരപ്രവർത്തനം: ബ്രിട്ടനിൽ യുഎസ് സൈനികൻ അറസ്റ്റിൽ

പിടിയിലായത് ലെഫ്റ്റനന്‍റ് കേണൽ ബ്രാൻഡൻ ടൈനർ
US soldier arrested in Britain; for spying  Russia

റഷ്യയ്ക്കു വേണ്ടി ചാരപ്രവർത്തനം: ബ്രിട്ടനിൽ യുഎസ് സൈനികൻ അറസ്റ്റിൽ

Updated on: 

ലണ്ടൻ: റഷ്യയ്ക്കു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തെ തുടർന്ന് ബ്രിട്ടനിൽ അറസ്റ്റിലായ അമെരിക്കൻ സൈനികോദ്യോഗസ്ഥനെ തിരിച്ചറിഞ്ഞു. 41 കാരനായ ലെഫ്റ്റനന്‍റ് കേണല്‍ ബ്രാന്‍ഡന്‍ ടൈനറാണ് അറസ്റ്റിലായതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. അതീവ രഹസ്യസ്വഭാവമുള്ള സൈനിക വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥനാണ് ടൈനറെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബ്രിട്ടനിലെ ഗ്ലോസ്റ്ററിന് സമീപം ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് അധികൃതര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഭീകരവിരുദ്ധ അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബ്രിട്ടനിലെ ഇംജിന്‍ ബാരക്കിലായിരുന്നു ടൈനറുടെ നിയമനം. നാറ്റോയുടെ അലൈഡ് റാപ്പിഡ് റിയാക്ഷന്‍ കോര്‍പ്‌സിന്‍റെ ആസ്ഥാനവും ഈ സൈനിക കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ കരസേനയെ വിന്യസിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിഭാഗമാണിത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിനിടെ നിരവധി പ്രധാന ചുമതലകള്‍ വഹിച്ചിട്ടുള്ള ടൈനര്‍ അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ തിരിച്ചറിയല്‍ വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത് വാള്‍സ്ട്രീറ്റ് ജേണലാണ്. അതേസമയം, ടൈനറെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിഭാഷകനെ നിയമിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023-ലെ ബ്രിട്ടീഷ് ദേശീയ സുരക്ഷാ നിയമത്തിന്‍റെ ലംഘനം സംശയിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ബ്രിട്ടീഷ് നിയമപാലക വിഭാഗം അറിയിച്ചു. ചാരപ്രവര്‍ത്തനവും വിദേശ ഇടപെടലുകളും തടയുന്നതിനായി കൊണ്ടുവന്ന നിയമമാണിത്. എന്നാല്‍ ടൈനര്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. വരും ദിവസങ്ങളില്‍ ബ്രിട്ടീഷ് അധികൃതര്‍ അദ്ദേഹത്തിനെതിരെ ഔദ്യോഗിക കുറ്റം ചുമത്തുമെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുടര്‍ന്ന് അമേരിക്കന്‍ സൈന്യത്തിന്‍റെ നിയമവ്യവസ്ഥയ്ക്ക് കീഴിലും പ്രത്യേക നടപടികള്‍ നേരിടേണ്ടിവന്നേക്കാം. സഖ്യരാജ്യങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെടുന്ന അമേരിക്കന്‍ സൈനികര്‍ക്ക് അവിടെത്തന്നെ തടവുശിക്ഷ അനുഭവിക്കേണ്ടിവരാം. അതിനുശേഷം അമേരിക്കന്‍ സൈനിക നീതിന്യായ സംവിധാനത്തിന് കീഴില്‍ വീണ്ടും വിചാരണ നേരിടാനും സാധ്യതയുണ്ട്.

കുറ്റം തെളിഞ്ഞാല്‍ അമേരിക്കയിലെ സൈനിക ജയിലിലും അധിക തടവുശിക്ഷ അനുഭവിക്കേണ്ടിവരാം. ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ കൂടുതലായും ജൂനിയര്‍, മധ്യനിര സൈനിക ഉദ്യോഗസ്ഥരാണ് പ്രതികളായിട്ടുള്ളതെന്ന് അമേരിക്കന്‍ സൈനിക രേഖകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക നേട്ടത്തിനായുള്ള ശ്രമങ്ങളും ഇത്തരം കേസുകളില്‍ സാധാരണയായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കേസുകള്‍ താരതമ്യേന അപൂര്‍വമാണ്. ഉന്നത സൈനിക പദവിയിലുള്ളവര്‍ക്ക് അതീവ രഹസ്യസ്വഭാവമുള്ള പ്രതിരോധ വിവരങ്ങളില്‍ കൂടുതല്‍ പ്രവേശനാനുമതി ലഭിക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് തന്ത്രപ്രധാനമായ നേട്ടമുണ്ടാക്കാന്‍ സഹായിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ടൈനര്‍ക്ക് ഏതെല്ലാം രഹസ്യവിവരങ്ങളിലേക്കാണ് പ്രവേശനമുണ്ടായിരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.