

അസ്താന: കസാഖിസ്ഥാനിലെ അക്തൗ ഏരിയയിൽ യാത്രാവിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 42 ആയി. 67 ഓളം യാത്രക്കാരുമായി റഷ്യയിലേക്ക് പറന്ന യാത്രാവിമാനത്തിൽ നിന്നും 25-ലധികം യാത്രക്കാരെ രക്ഷപ്പെടുത്തിയതായി. ഇതിൽ 22 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കസാഖിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അസര്‍ബൈജാന്‍ എയർലൈൻസിന്‍റെ എംബ്രയർ 190 ഫ്ലൈറ്റ് നമ്പർ 8243 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 62 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബക്കുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ ഗ്രോസ്നിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു.
വിമാനം നിലത്തേക്ക് പതിക്കുന്നതും അഗ്‌നിഗോളമാകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്ന് കസാക്കിസ്ഥാൻ എമർജൻസി മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും സാങ്കേതിക തകരാർ ഉൾപ്പെടെയുള്ള അപകടത്തിന്‍റെ കാരണം പരിശോധിച്ചുവരികയാണെന്നും കസാക്കിസ്ഥാൻ അധികൃതർ വ്യക്തമാക്കി.