ഓഹരി വിപണിയിൽ കനത്ത തകർച്ച

ഇറാന്‍റെ സമാധാന നിർദേശം ട്രംപ് തള്ളി, പിന്നാലെ സെൻസെക്സ് ആറു മാസത്തെ താഴ്ന്ന നിലയിലേയ്ക്ക്
 Sharp slump in the stock market

ഓഹരി വിപണിയിൽ കനത്ത തകർച്ച

file photo

Updated on: 

ഇറാൻ-യുഎസ് ഭൗമരാഷ്ട്രീയ തർക്കങ്ങൾ രൂക്ഷമാകുന്നതും ആഗോള തലത്തിൽ എണ്ണ വില വർധിക്കുന്നതും ഇന്ത്യൻ ഓഹരി വിപണിയെയും സ്വർണ വിലയെയും കനത്ത തകർച്ചയിലേയ്ക്ക് തള്ളി വിടുന്നതിനു കാരണമായി. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ യു.എസ്. പ്രസിഡന്‍റ് തള്ളിയതോടെയാണ് വിപണികളിൽ ആശങ്ക ഇരട്ടിച്ചത്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 106 ഡോളറിലേക്ക് ഉയർന്നു. ഇതേത്തുടർന്ന് വിപണിയിൽ നിന്ന് ഒറ്റദിവസം കൊണ്ട് നിക്ഷേപകർക്ക് 7.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

സർവവ്യാപകമായ യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. മേഖലയിൽ ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം നേരിടുന്ന സൗദി അറേബ്യയിലും ആശങ്ക വർധിച്ചു.

യു.എസ്. ബോണ്ട് യീൽഡും ഡോളർ സൂചികയും ഉയർന്ന നിരക്കിലേക്ക് കുതിച്ചതോടെയാണ് സ്വർണവിലയിലും ഓഹരി വിപണിയിലും കനത്ത വിറ്റഴിക്കൽ ഉണ്ടായത്. 10 വർഷത്തെ യു.എസ്. ബോണ്ട് യീൽഡ് 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 5.205 ശതമാനത്തിലെത്തി. ബോണ്ടുകളിലെ ഉയർന്ന ആദായവും പലിശനിരക്ക് ഇനിയും ഉയർന്നേക്കുമെന്ന ഭീതിയും കാരണം നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കുകയാണ്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,213.7 ഡോളറിലേക്ക് താഴുകയും ഗാർഹിക വിപണിയിലും ഇടിവിന് കാരണമാവുകയും ചെയ്തു.

ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് വലിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സമ്മർദത്തിലാവുകയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FII) വൻതോതിൽ ഓഹരികൾ വിറ്റഴിക്കുകയും ചെയ്യുന്നത് വിപണിയുടെ തിരിച്ചടിക്ക് ആഘാതം കൂട്ടുന്നു. വിദേശ നിക്ഷേപകരുടെ പണം പിൻവലിയലും എണ്ണവില വർധന മൂലമുള്ള പണപ്പെരുപ്പ ഭീഷണിയും വരും ദിവസങ്ങളിലും വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും.

എന്നാൽ ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിനു വിജയം അടുത്താണെന്നു ട്രംപ് ആവർത്തിച്ചു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനു മുമ്പ് ഇറാനു മേൽ വീണ്ടും സൈനികാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഇപ്പോഴുള്ള കൂടിയ എണ്ണ വില സാരമാക്കേണ്ടതില്ലെന്നും യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണ വില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് തടയുക എന്നത് അമെരിക്കയുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമെരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ ഇറാന്‍റെ സമ്പദ് വ്യവസ്ഥയെ പൂർണമായും തകർത്തതായും ഇറാന്‍റെ പണത്തിന് ഇപ്പോൾ യാതൊരു വിലയും ഇല്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിലെ പണപ്പെരുപ്പം 300 ശതമാനത്തിന് അടുത്താണെന്നും അവര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

logo
Metro Vaartha
www.metrovaartha.com