ഇറാനെതിരേ സൈന്യം സുസജ്ജം

എന്നാൽ വൻ സൈനിക നീക്കത്തിനു തീരുമാനമെടുത്തിട്ടില്ല: ട്രംപ്
The army is well equipped against Iran.

ഇറാനെതിരേ സൈന്യം സുസജ്ജം

Updated on

വാഷിങ്ടൺ: അമെരിക്കൻ സൈന്യം സുസജ്ജമാണെന്നും എന്നാൽ ഇറാനെതിരേ വൻ സൈനിക നീക്കത്തിനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെതിരേയുള്ള സൈനിക നടപടികൾ ഉൾപ്പടെയുള്ള കാര്യങ്ങൾക്കായുള്ള ചർച്ചകൾ കൂടുതൽ ഗൗരവത്തിലേയ്ക്കു നീങ്ങുന്നുവെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ഓവൽ‌ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ട്രംപ്.

ദിവസങ്ങൾ കഴിയുന്തോറും ഇറാൻ കൂടുതൽ ഗൗരവത്തോടെയാണ് ചർച്ചകളെ സമീപിക്കുന്നത്. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട് .ട്രംപ് പറഞ്ഞു. ഇറാനെതിരേ വലിയ സൈനിക നടപടി ആലോചിക്കുന്നതിനായി ട്രംപ് മുതിർന്ന സുരക്ഷാ ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. സൈന്യം ഏതു നിമിഷവും നടപടിക്കായി പൂർണ സജ്ജമാണ്.

എന്നാൽ ചർച്ചകൾ തുടരുകയാണ്. അതിന്‍റെ ഫലം എന്താകുമെന്ന് കാത്തിരിക്കുകയാണ്. കരാറിൽ എത്തുകയോ അല്ലെങ്കിൽ കൂടുതൽ ശക്തമായ സൈനികാക്രമണം നേരിടുകയോ ചെയ്യേണ്ട സാഹചര്യമാണിപ്പോൾ ഇറാന്‍റെ മുന്നിലുള്ളതെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നത് തടയാനാണ് അമെരിക്ക സൈനിക നടപടി തുടരുന്നതെന്നാണ് വാഷിങ്ടണിന്‍റെ നിലപാട്.

അതേസമയം അമെരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ അമെരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിൽ നാലു യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനിക നടപടി ആരംഭിക്കാനുള്ള നിർണായക ഘട്ടം എന്തായിരിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ട്രംപ് തയാറായില്ല. എന്നാൽ ഇറാൻ ആണവായുധം വികസിപ്പിക്കുന്ന ഘട്ടത്തിൽ എത്തുന്നതാണ് അമെരിക്കയുടെ ചുവപ്പു രേഖ എന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു.

ഇറാനെതിരേ വിപുലമായസൈനികാക്രമണം നടത്താനുള്ള സാധ്യത ട്രംപ് പരിഗണിക്കുന്നതായി അമെരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം ഈ വിഷയത്തിൽ ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തി.

വൻ ആക്രമണം പരിഗണിക്കുന്നതായി ട്രംപ് സൂചിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. റഷ്യയും ചൈനയും ഇറാന് ആയുധങ്ങൾ നൽകുന്നില്ലെന്ന തന്‍റെ നിലപാട് ട്രംപ് വീണ്ടും ആവർത്തിച്ചു. ചൈനയും റഷ്യയും ഇറാനെ ഒരിക്കലും ആയുധങ്ങളാൽ സഹായിക്കില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും അതു താൻ വിശ്വസിക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com