

മൈക്രോസോഫ്റ്റ് ഔട്ട് ലുക്കിൽ വൻ സാങ്കേതിക തകരാർ
വാഷിങ്ടൺ: ആഗോള തലത്തിൽ മൈക്രോസോഫ്റ്റിന്റെ ഇ മെയിൽ സേവനമായ ഔട്ട് ലുക്കിൽ വൻ സാങ്കേതിക തകരാർ. വ്യാഴാഴ്ച മണിക്കൂറുകളോളം നീണ്ട തടസത്തെ തുടർന്ന് മൈക്രോസോഫ്റ്ഓറ് 365 സേവനങ്ങളെയും ബാധിച്ചു. പ്രശ്നം പരിഹരിച്ച് സേവനങ്ങൾ സാധാരണ നിലയിൽ ആക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കമ്പനി അറിയിച്ചു.അമെരിക്കൻ മേഖലയിൽ എക്സ്ചേഞ്ച് ഓൺലൈൻ മെയിൽ ബോക്സുകൾ വിവിധ മാർഗങ്ങളിലൂടെ ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്ക് തടസം നേരിടുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൈക്രോസോഫ്റ്ഓറ് 365 ഉപയോക്താക്കളെയും പ്രശ്നം ബാധിച്ചേക്കാമെന്നും കമ്പനി വ്യക്തമാക്കി.
ഔട്ട് ലുക്കിനു പുറമേ മൈക്രോസോഫ്റ്റ് ടീമ്സ് ഉൾപ്പടെയുള്ള സേവനങ്ങളിലും തടസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്റർനെറ്റ് സേവനങ്ങളിലെ തകരാറുകൾ നിരീക്ഷിക്കുന്ന ഡൗൺ ഡിറ്റക്റ്ററും വ്യാഴാഴ്ച നിരവധി ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ നേരിട്ടതായി അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ വിവിധ മേഖലകളിലെ സെർവറുകൾ അപ്രതീക്ഷിതമായി പ്രവർത്തന രഹിതമായതിനെ തുടർന്ന് മറ്റ് അടിസ്ഥാന സൗകര്യങ്ങളിൽ അമിതമായ പ്രവർത്തന ഭാരം അനുഭവപ്പെട്ടതാണ് തകരാറിനു കാരണമായതെന്നാണ് കമ്പനിയുടെ പ്രാഥമിക വിശദീകരണം. ഇതോടെ ഇ മെയിൽ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും മറ്റ് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിനും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടു നേരിട്ടു.
പ്രശ്നത്തിന്റെ ആഘാതം കുറയ്ക്കാൻ പുതിയ സോഫ്റ്റ് വെയര്‍ വിന്യാസങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും നിലവില്‍ പ്രശ്നം ബാധിക്കപ്പെട്ട സെര്‍വറുകളില്‍ നിന്നുള്ള ഡേറ്റാ ട്രാഫിക് മറ്റ് സംവിധാനങ്ങളിലേക്ക് മാറ്റുകയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. പ്രവര്‍ത്തനരഹിതമായ സെര്‍വറുകള്‍ പുനരാരംഭിച്ച് സേവനത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികളും സ്വീകരിച്ചു. എന്നാല്‍ ആദ്യഘട്ടത്തിലെ ചില പരിഹാരശ്രമങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കിയില്ല.
ഔട്ട്ലുക്ക് തകരാറിനിടെ മൈക്രോസോഫ്റ്റ് ടീമ്സിലും ചില ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ടീമ്സിന്റെ സേവനം പുനഃസ്ഥാപിച്ചതായി കമ്പനി പിന്നീട് അറിയിച്ചു. യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിലെ അടിയന്തര മാനെജ്മെന്റ് വിഭാഗം മൈക്രോസോഫ്റ്റ് സംവിധാനങ്ങളെ ആശ്രയിക്കുന്ന നഗരസേവനങ്ങളില് കാലതാമസമുണ്ടാകാമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇ-മെയില്‍ അയക്കുന്നതിനും മറുപടി ലഭിക്കുന്നതിനും ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും താല്‍ക്കാലിക തടസങ്ങള്‍ നേരിടാമെന്നായിരുന്നു അറിയിപ്പ്.
അടിയന്തരമല്ലാത്ത നഗരസേവനങ്ങള്ക്കായി 311 എന്ന നമ്പറില്‍ ബന്ധപ്പെടാനും അടിയന്തര സാഹചര്യങ്ങളില്‍ 911 വിളിക്കാനും ന്യൂയോര്‍ക്ക് അധികൃതര്‍ ജനങ്ങളോട് നിര്‍ദേശിച്ചു. ഇ-മെയില്‍ വഴി ബന്ധപ്പെടാന്‍ കഴിയാത്തവര്‍ മറ്റ് ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ സേവനങ്ങളെ ആശ്രയിക്കുന്ന ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് പ്രശ്നം പൂര്‍ണമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സേവനങ്ങള്‍ സാധാരണ നിലയിലാകുന്നതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുന്നുണ്ട്.