

ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
file photo
ടെൽ അവിവ്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരേ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഹിസ്ബുള്ള നേതാവ് നയിം ഖാസൈമിന്‍റെ പേഴ്സണൽ സെക്രട്ടറി അലി യൂസഫ് ഹർഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇസ്രയേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ ആവശ്യമുള്ളിടത്തെല്ലാം പ്രഹരം തുടരുമെന്നും തെക്കൻ ലെബനനിലെ ആയുധപ്പുരകളും ലോഞ്ചറുകളും തകർത്തതായും നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേലിന്‍റെ ഈ നീക്കം ഇറാനും അമെരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുന്നു എന്ന് ഇറാൻ വാദിക്കുമ്പോൾ, ഇസ്രയേലും യുഎസും ഇത് അംഗീകരിക്കുന്നില്ല.
തർക്കം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാൻ ഇപ്പോഴും തുടരുകയാണ്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ യുകെ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
ഇതിനിടെ ഇറാനെതിരേ പുതിയ അന്ത്യ ശാസനവുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായി സമ്പൂർണമായ ഒരു കരാറിൽ എത്തുന്നതു വരെ അമെരിക്കൻ നാവിക-വ്യോമ സേനകളും സൈനിക സന്നാഹങ്ങളും ഇറാന്‍റെ ചുറ്റുവട്ടത്തു തന്നെ തുടരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ചർച്ചകൾ പരാജയപ്പെട്ടാൽ മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള അതിശക്തമായ സൈനികനടപടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.
ഇറാന് ആണവായുധങ്ങൾ ഉണ്ടാകരുതെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്ച പാക്കിസ്ഥാനിലെ ഇസ്ലാമബാദിൽ യുഎസും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾ നടക്കാനിരിക്കെയാണ് ട്രംപിന്‍റെ കടുത്ത പ്രതികരണം. അമെരിക്കൻ സൈന്യം അടുത്ത വിജയത്തിനായി പൂർണ സജ്ജമാമെന്നും ട്രംപ് പറഞ്ഞു. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്കു മേൽ വീണ്ടും കാർമേഘങ്ങൾ പടർന്നു.