"പുടിൻ വന്നാൽ സന്തോഷം"

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്‍റിന് ക്ഷണവുമായി ട്രംപ്
"It would be a pleasure if Putin came."

"പുടിൻ വന്നാൽ സന്തോഷം"

Updated on: 

വാഷിങ്ടൺ: ഡിസംബറിൽ അമെരിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കുമോ എന്ന് അറിയില്ലെന്നും എന്നാൽ വരാൻ ആഗ്രഹിക്കുന്നെങ്കിൽ സ്വാഗതം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ഡിസംബര്‍ 14, 15 തീയതികളിലാണ് മയാമിയില്‍ ഉച്ചകോടി നടക്കുന്നത്. ഫ്ലോറിഡയിലെ ഗോള്‍ഫ് റിസോര്‍ട്ടില്‍ താങ്ക്‌സ്ഗിവിങ് ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീരുമാനം എന്‍റെ കൈയിലാണെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പുടിന് വരണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വരാം,’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. അതേസമയം, ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ രാജ്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് റഷ്യ വ്യാഴാഴ്ച വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയശേഷം ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് റഷ്യയിലെ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയുടെ നിലപാടും ഉച്ചകോടിയിൽ ചർച്ചയായേക്കും.

യൂറോപ്പിലെ വിവിധ പ്രദേശങ്ങളോടുള്ള റഷ്യയുടെ സൈനിക ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും സൈനിക നടപടികളില്‍നിന്ന് പിന്മാറാനും റഷ്യ തയ്യാറാകണമെന്ന് ട്രംപ് വ്യാഴാഴ്ച ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ യുക്രെയ്ന്‍ യുദ്ധത്തിന് വേഗത്തില്‍ പരിഹാരം കണ്ടെത്താനാകുമെന്നാണ് ട്രംപിന്‍റെ പ്രതീക്ഷ.

പുടിന്‍റെ ജി20 ഉച്ചകോടി പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ട്രംപിന്റെ ക്ഷണസന്നദ്ധത രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുകയാണ്. എന്നാല്‍ പുടിന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ റഷ്യയുടെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല. ഡിസംബര്‍ 14, 15 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയിലേക്കുള്ള റഷ്യന്‍ പ്രസിഡന്‍റിന്‍റെ യാത്ര സംബന്ധിച്ച അന്തിമ തീരുമാനത്തിനായി കാത്തിരിക്കയാണ് ലോകം.