
എംആർഐ സ്കാനിങ് മെഷീൻ വലിച്ചെടുത്തു; 61കാരൻ മരിച്ചു
ന്യൂയോർക്ക്: ലോഹത്തിൽ നിർമിച്ച മാലയിട്ട് എംആർഐ സ്കാനിങ്ങ് മുറിയിൽ പ്രവേശിച്ച 61 കാരൻ സ്കാനിങ് യന്ത്രത്തിൽ കുടുങ്ങി മരിച്ചു. ന്യൂയോർക്കിലെ നാസോ ഓപ്പൺ എംആർഐയിൽ ബുധനാഴ്ചയാണ് സംഭവം. ലോഹത്തിൽ നിർമിച്ച വലിയൊരു മാല ധരിച്ചാണ് 61കാരൻ സ്കാനിങ് മുറിയിലെത്തിയത്. ഇയാൾക്ക് സ്കാനിങ് മുറിയിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പ്രവർത്തിച്ചു കൊണ്ടിരുന്ന എംആർഐ സ്കാനിങ് യന്ത്രത്തിനരികിൽ എത്തിയ ഉടൻ തന്നെ യന്ത്രം ഇയാളെ അപ്പാടെ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ രോഗിയെ ഉടൻ തന്നെ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ചയോടെയാണ് മരണം രേഖപ്പെടുത്തിയത്. മരിച്ചയാളുടെ പേര് ഇതു വരെയും പുറത്തു വിട്ടിട്ടില്ല.
ആന്തരികാവയവങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിനായി ശക്തിയേറിയ കാന്തിക വലയമാണ് എംആർഐ മെഷീനിൽ ഉപയോഗിക്കുന്നത്. ഒരു വലിയ വീൽ ചെയർ ഉൾപ്പെടെ വലിച്ചെടുക്കാൻ കഴിയുന്നത്ര ശേഷിയുള്ള കാന്തിക വലയങ്ങളാണ് മെഷീൻ പുറപ്പെടുവിക്കുക. അതു കൊണ്ട് തന്നെ സ്കാനിങ്ങിന് എത്തുന്നവരോട് ലോഹനിർമിത വസ്തുക്കൾ എല്ലാം അഴിച്ചു മാറ്റാൻ നിർദേശിക്കാറുണ്ട്. ചികിത്സയുടെ ഭാഗമായി ശരീരത്തിനകത്ത് ഇരുമ്പിൽ നിർമിച്ച വസ്തുക്കൾ ഘടിപ്പിച്ചവരെ എംആർഐ സ്കാനിങ്ങിന് വിധേയരാക്കാറില്ല.
ഇതിനു മുൻപ് 2001ൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. സ്കാനിങ്ങിനിടെ മുറിയിൽ വച്ചിരുന്ന ഓക്സിജൻ സിലിണ്ടറാണ് അന്ന് മെഷീൻ വലിച്ചെടുത്തത്. സിലിണ്ടർ ദേഹത്തേക്ക് വീണ് സ്കാനിങ്ങിന് വിധേയനായിക്കൊണ്ടിരുന്ന 6 വയസുകാരൻ മരിച്ചിരുന്നു. 2018ൽ സ്കാനിങ് മുറിയിലേക്ക് ഓക്സിജൻ സിലിണ്ടറുമായെത്തിയ ജീവനക്കാരനും മെഷീനിൽ കുടുങ്ങി മലിച്ചിരുന്നു.