

മൊജ്തബ ഖമനേയി
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ‍്യോമാക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിൽ പ്രതികാരം ചെയ്യുമെന്ന് മൊജ്തബ ഖമനേയി. പ്രതികാരം തങ്ങളുടെ രാജ‍്യത്തിന്‍റെ ആവശ‍്യമാണെന്നും അത് നടപ്പിലാക്കണമെന്നും മൊജ്തബ പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഈ രണ്ട് യുദ്ധങ്ങളിലെയും രക്തസാക്ഷികളുടെ ചോരയ്ക്കും കുറ്റവാളികൾക്കും കൊലയാളികൾക്കുമെതിരേ തങ്ങൾ പ്രതികാരം ചെയ്യുമെന്ന് മൊജ്തബ കൂട്ടിച്ചേർത്തു. ഇറാന്‍ തന്നെ കൊല്ലാൻ ശ്രമിച്ചാൽ അവരെ മുഴുവനായി നശിപ്പിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് മൊജ്തബ ഖമനേയിയുടെ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഖമനേയിയുടെ ശവസംസ്കാര ചടങ്ങിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിനെയും ട്രംപിനെയും കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരുന്നു.
ഇതോടെയാണ് ഇറാന്‍റെ മുഴുവൻ പ്രദേശങ്ങളെയും യുഎസ് സൈന‍്യം പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ‍്യലിലൂടെ ഭീഷണി മുഴക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് അലി ഖമനേയി കൊല്ലപ്പെട്ടത്. അതേസമയം, നിലവിലെ പരമോന്നത നേതാവായ മൊജ്തബ ഇതുവരെ പൊതുമധ‍്യത്തിൽ പ്രത‍്യക്ഷപ്പെട്ടിട്ടില്ല.