ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; സഹകരിക്കില്ലെന്ന് യുഎസ്

അന്വേഷണത്തിനു റഷ്യയും തുർക്കിയും പിന്തുണ പ്രഖ്യാപിച്ചു
 റെയ്സിയുടെ സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായുള്ള വിലാപയാത്ര
റെയ്സിയുടെ സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായുള്ള വിലാപയാത്ര
Updated on

ടെഹ്റാൻ: പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹ്യാനും ഉൾപ്പെടെ നേതാക്കൾ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ അന്വേഷണം തുടങ്ങി. ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചെന്നു സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരി. ബ്രിഗേഡിയർ അലി അബ്ദുള്ളാഹിയുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തഭൂമിയിൽ പരിശോധന നടത്തി. അന്വേഷണത്തിനു റഷ്യയും തുർക്കിയും പിന്തുണ പ്രഖ്യാപിച്ചു. അന്വേഷണത്തിനു സഹായം തേടി ഇറാൻ യുഎസിനെയും സമീപിച്ചു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ സഹകരിക്കാനാവില്ലെന്നു യുഎസ് വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് മാത്യു മില്ലറാണ് ഇറാൻ തങ്ങളെ സമീപിച്ചെന്നു വെളിപ്പെടുത്തിയത്.

അതേസമയം, കൊല്ലപ്പെട്ട റെയ്സിയുടെ സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായുള്ള വിലാപയാത്ര തബ്രിസിൽ തുടങ്ങി. അപകടമുണ്ടായ പ്രദേശത്തിന് ഏറ്റവുമടുത്ത നഗരമാണ് തബ്രിസ്. ഇവിടത്തെ തെരുവുകൾ ഇന്നലെ കറുപ്പു വസ്ത്രം ധരിച്ചവരാൽ നിറഞ്ഞു. ഷിയ വിശ്വാസം പിന്തുടരുന്ന ഇറാനിൽ നേതാക്കൾക്കായി ലക്ഷങ്ങൾ പങ്കെടുക്കുന്ന വിലാപയാത്രകൾ പതിവാണ്. 2020ൽ യുഎസ് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ച സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ വിലാപയാത്രയിൽ 10 ലക്ഷം പേർ പങ്കെടുത്തിരുന്നു. റെയ്സിയുടെ വിലാപയാത്രയിൽ അതിലുമധികം പേരുണ്ടാകുമെന്നാണു നിഗമനം.

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ നേതൃത്വത്തിൽ വിലാപയാത്രയും പ്രാർഥനകളും നടക്കും. തുടർന്ന് നേതാക്കളുടെ മൃതദേഹം വഹിക്കുന്ന പേടകങ്ങൾ ടെഹ്റാൻ വിമാനത്താവളത്തിലെത്തിച്ച് ഗാർഡ് ഓഫ് ഓണർ നൽകിയശേഷം ഷിയ സെമിനാരി നഗരമായ ഖൂമിലേക്കു കൊണ്ടുപോകും. വിദേശരാജ്യ പ്രതിനിധികൾക്ക് അന്തിമോപചാരമർപ്പിക്കാൻ ഇവിടെ സൗകര്യം ഒരുക്കിയേക്കുമെന്നു കരുതുന്നു. ബുധനാഴ്ച റെയ്സിയുടെ ജന്മനാടായ ബിർജന്ദിൽ വിലാപയാത്രയ്ക്കുശേഷം മാഷാദിലെ ഇമാം റാസ പള്ളിയിൽ കബറടക്കും. അഞ്ചു ദിവസത്തെ ദുഃഖാചരണത്തിലാണ് ഇറാൻ. രാജ്യമെങ്ങും റെയ്സിക്കു വേണ്ടി പ്രാർഥനകൾ നടന്നു. അതേസമയം, കടുത്ത യാഥാസ്ഥിതിക വാദിയായ റെയ്സിയുടെ മരണം ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു വിഭാഗവും ഇറാനിലുണ്ട്. ഇത്തരക്കാർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇറേനിയൻ അധികൃതർ മുന്നറിയിപ്പു നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com