ഹിജാബില്ലാതെ സംഗീതപരിപാടി; ഗായികക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ|Video

രണ്ടു വർഷത്തേക്ക് പരസ്തൂ അഹമ്മദിക്കും സംഘത്തിലെ നാല് പേർക്കും സംഗീത- കലാ പരിപാടികളിൽ ഏർപ്പെടുന്നതിനും യാത്ര ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Music performance without a hijab: Iran sentences singer to 74 lashes

പരസ്തൂ അഹമ്മദി

Updated on: 

ടെഹ്റാൻ: ഹിജാബ് ധരിക്കാതെ സംഗീത പരിപാടി അവതരിപ്പിച്ച് യൂട്യൂബിൽ അപ് ലോഡ് ചെയ്ത ഗായികയ്ക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ. പരസ്തൂ അഹമ്മദി എന്ന ഗായികയ്ക്കാണ് ശിക്ഷ ലഭിച്ചത്. വിഡിയോയുടെ നിർമാതാക്കളായ നാലു പേർക്കും ചാട്ടവാറടി വിധിച്ചിരുന്നു. ശിക്ഷ നടപ്പിലാക്കിയതായാണ് റിപ്പോർട്ട്. 2024 ഡിസംബറിലാണ് പരസ്തൂ സംഗീത പരിപാടി യൂട്യൂബിലൂടെ പുറത്തു വിട്ടത്. ഈ കേസിലാണ് ശിക്ഷ. രണ്ടു വർഷത്തേക്ക് പരസ്തൂ അഹമ്മദിക്കും സംഘത്തിലെ നാല് പേർക്കും സംഗീത- കലാ പരിപാടികളിൽ ഏർപ്പെടുന്നതിനും യാത്ര ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇറാനിലെ ദേയർ ഇ ഗച്ചിൽ കരവൻസെറായിലായിരുന്നു വിഡിയോ ചിത്രീകരിച്ചത്. വിഡിയോ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ജൂണിലാണ് കോടതി ശിക്ഷ വിധിച്ചത്. സെപ്റ്റംബറിൽ അപ്പീൽ കോടതിയും ശിക്ഷ ശരി വച്ചു. അശ്ലീലവും അധാർമികവുമായ ഉള്ളടക്കം നിർമിച്ച് പ്രചരിപ്പിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പൊതു ഇടങ്ങളിൽ സ്ത്രീകൾ തലമുടി മറയ്ക്കണമെന്നാണ് ഇറാനിലെ നിയമം. 2022ൽ മഹ്സ അമിനിയുടെ മരണത്തിനു പിന്നാലെ ഈ നിയമത്തിനെതിരേ വ്യാപകരമായ പ്രതിഷേധമുണ്ടായിരുന്നു. പൊതുവേദികളിൽ സ്ത്രീകൾ പരിപാടി അവതരിപ്പിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.