വിഷവാതക ഭീതി : പെന്‍റഗൺ ആസ്ഥാനം അടച്ചു പൂട്ടി

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയങ്ങളിലൊന്നായ പെന്‍റഗണില്‍ മുപ്പതിനായിരത്തോളം സൈനിക-സിവിലിയന്‍ ജീവനക്കാരാണ് പ്രതിദിനം ജോലി ചെയ്യുന്നത്.
Poison gas scare: Pentagon headquarters locked down

വിഷവാതക ഭീതി : പെന്‍റഗൺ ആസ്ഥാനം അടച്ചു പൂട്ടി

Updated on

വാഷിങ്ടൺ: യുഎസ് പ്രതിരോധ വകുപ്പിന്‍റെ ആസ്ഥാനമായ പെന്‍റഗണിൽ വായു നിലവാരത്തിൽ പെട്ടെന്നുണ്ടായ തകരാറിനെ തുടർന്ന് കനത്ത ജാഗ്രതാ നിർദേശം. അതീവ സുരക്ഷയുള്ള കെട്ടിടത്തിനുള്ളിൽ അപകടകരമായ രാസവസ്തുക്കളുടെയോ വാതകങ്ങളുടെയോ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സും വിദഗ്ധ സംഘവും പരിശോധന ആരംഭിച്ചു.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെന്‍റഗൺ കെട്ടിടത്തിന്‍റെ പ്രധാന ഭാഗങ്ങൾ ലോക്ക്ഡൗൺ ചെയ്യുകയും നിരവധി ഫ്ലോറുകളിൽ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കെട്ടിടത്തിനുള്ളിൽ ഉള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദേശം നൽകിയിരിക്കുകയാണ്.

കെട്ടിടത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാണ് വായുവിൽ അസ്വാഭാവികമായ മാറ്റം കണ്ടെത്തിയതെന്ന് പെന്‍റഗൺ വക്താവ് സീൻ പാര്‍നെല്‍ സ്ഥിരീകരിച്ചു. ഇതിന്‍റെ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നത് വരെ മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്നും, കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രതിരോധ സംഘം രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ വരെ സമയമെടുത്തേക്കാം.

അര്‍ലിംഗ്ടണ്‍ കൗണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും പെന്‍റഗണിന്‍റെ സ്വന്തം ഹാസ്മറ്റ് വിദഗ്ധ സംഘവും സംയുക്തമായാണ് കെട്ടിടത്തിനുള്ളില്‍ പരിശോധന നടത്തുന്നത്. ഏത് തരത്തിലുള്ള പദാർഥമാണ് വായുവില്‍ കലര്‍ന്നതെന്ന ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയങ്ങളിലൊന്നായ പെന്‍റഗണില്‍ മുപ്പതിനായിരത്തോളം സൈനിക-സിവിലിയന്‍ ജീവനക്കാരാണ് പ്രതിദിനം ജോലി ചെയ്യുന്നത്.

logo
Metro Vaartha
www.metrovaartha.com