

ആർട്ടെമിസ് II ദൗത്യത്തിനിടെ ഓറിയോൺ വിൻഡോയിൽ നിന്ന് ബഹിരാകാശയാത്രികൻ റീഡ് വൈസ്മാൻ വിദൂര ഭൂമിയിലേക്ക് നോക്കുന്നു.
ചിത്രം: X/@astro_reid)
ആർട്ടെമിസ് 2 ദൗത്യത്തിനിടെ ഓറിയോൺ ബഹിരാകാശ പേടകത്തിന്‍റെ കിളിവാതിലിലൂടെ ലോകത്തിന്‍റെ മുഴുവൻ അമ്മയായ ഭൂമിയെ തിരിഞ്ഞു നോക്കുമ്പോൾ റീഡ് വൈസ്മാൻ ഓർത്തില്ല അത് ലോകം മുഴുവൻ ഏറ്റെടുക്കുന്ന ചിത്രമാകുമെന്ന് . അദ്ദേഹം എക്സിൽ പങ്കു വച്ച ആ ചിത്രം ഇന്നു ആഗോള ജനത ഹൃദയത്തിലേറ്റിയിരിക്കുകയാണ്. ആർട്ടെമിസ് 2 ദൗത്യത്തിനിടെ പകർത്തിയ ആ ഭൂമിയുടെ വിദൂരചിത്രം ലോകമെമ്പാടും ആഴത്തിൽ പ്രതിധ്വനിക്കുന്നതായി.
നാസയുടെ ബഹിരാകാശ യാത്രികനായ റീഡ് വൈസ്മാൻ പകർത്തിയ ഈ ചിത്രത്തിൽ തിളങ്ങുന്ന നീല നിറത്തിൽ ശോഭിക്കുന്ന ഭൂമിയെ ഓറിയോണിന്‍റെ കിളിവാതിലിനുള്ളിൽക്കൂടി വീക്ഷിക്കുന്ന വൈസ്മാനെയും കാണാം. പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിലേയ്ക്ക് കടക്കാനിടയായ ശക്തമായ എൻജിൻ ഫയറിങ് ആയ ട്രാൻസ് ലൂണാർ ഇൻജക്ഷൻ ബേൺ നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഈ ചിത്രം പകർത്തിയത്.
ഈ അത്യപൂർവ ചിത്രത്തിൽ ഫ്രെയിമിന്‍റെ മധ്യഭാഗത്തായി ചുഴലിക്കാറ്റും വിശാലമായ മേഘങ്ങളും അതിരുകളില്ലാത്ത സമുദ്രവും ഓസ്ട്രേലിയൻ ഭൂഖണ്ഡവും ദൃശ്യമാണ്. 1970ലെ അപ്പോളോ 13 ദൗത്യത്തിനു ശേഷം ഇത്രയും അമ്പരപ്പിക്കുന്ന ദൂരത്തിൽ നിന്ന് മനുഷ്യർ ഭൂമിയെ തിരിഞ്ഞു നോക്കുന്ന ദൃശ്യം ലോകത്തിനു ലഭിക്കുന്നത് ഇതാദ്യമായാണ്.
നാസ പങ്കിട്ട ഈ ഫോട്ടോകൾ ഐഫോൺ 17 പ്രോമാക്സിൽ ചിത്രീകരിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പരീക്ഷണപ്പറക്കലിൽ യാത്രികർ ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ല. എന്നാൽ ചന്ദ്രന്‍റെ മറുവശത്തു നിന്ന് ഏകദേശം 8000 കിലോമീറ്റർ അപ്പുറത്തേയ്ക്ക് സഞ്ചരിക്കുകയാണ്.
ചിത്രത്തിന്‍റെ പ്രാധാന്യം ശാസ്ത്രീയ വീക്ഷണത്തിൽ
വൈസ്മാൻ എടുത്ത ഈ അത്യപൂർവ ചിത്രത്തിന് അതിന്‍റെ സൗന്ദര്യാത്മകതയ്ക്ക് അപ്പുറത്ത് ഗ്രഹവീക്ഷണ കോണിനുള്ള ഒരു സുപ്രധാന ഉപകരണമായാണ് വർത്തിക്കുന്നത്. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള പ്രദേശമായ സിസ്-ലൂണാർ സ്പെയ്സിൽ നിന്നുള്ള ഈ തത്സമയ കാഴ്ചകൾ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത് അന്തരീക്ഷ മൂടൽ മഞ്ഞിനെയും കാലാവസ്ഥാ രീതികളെയും പറ്റി പഠിക്കാനാണ്. ഭൂമിയോടു ചേർന്നുള്ള ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റയെ പൂരകമാക്കുന്ന അടിസ്ഥാനം നൽകാനും ഈ ചിത്രം ഉപകരിക്കുന്നു.