

പിക്കാക്സിനെതിരേയും നടപടികൾ സ്വീകരിച്ചേക്കുമെന്നു ട്രംപ്
ടെഹ്റാൻ: ഇറാനും അമെരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നതിനിലെ ഇറാൻ തങ്ങളുടെ ആയിരക്കണക്കിന് ആണവ സെൻട്രിഫ്യൂജുകൾ പിക്കാസ് പർവതത്തിലെ ഭൂഗർഭകേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി റിപ്പോർട്ട്. നതാൻസിന് സമീപമുള്ള അതീവ സുരക്ഷയുള്ള പിക്കാസ് മൗണ്ടൻ എന്ന ഭൂഗർഭ ആണവ കേന്ദ്രത്തിലേയ്ക്ക് ഇറാൻ സുപ്രധാനമായ ആണവ സെൻട്രിഫ്യൂജുകൾ മാറ്റിയതായും ഈ കേന്ദ്രം വ്യോമാക്രമണത്തിലൂടെ നശിപ്പിക്കാൻ വളരെ പ്രയാസകരമാണെന്നുമാണ് സൂചന. അമെരിക്കയുടെയും ഇസ്രയേലിന്‍റെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണലാണ് ഇത് പ്രസിദ്ധീകരിച്ചത്.
2025 ജൂണിൽ നടന്ന 12 ദിവസത്തെ അമെരിക്ക-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിനു പിന്നാലെ കഴിഞ്ഞ ശരത്കാലത്താണ് സെൻട്രിഫ്യൂജുകൾ ഈ കേന്ദ്രത്തിലേയ്ക്കു മാറ്റിയതെന്നാണ് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിലയിരുത്തൽ. അന്നത്തെ ആക്രമണത്തിൽ ഇറാനിലെ നിരവധി ആണവ കേന്ദ്രങ്ങൽ ലക്ഷ്യമാക്കിയിരുന്നെങ്കിലും പിക്കാക്സ് മൗണ്ടൻ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. പിന്നീട് ഫെബ്രുവരി 28 മുതൽ ആരംഭിച്ച കൂടുതൽ ശക്തമായ വ്യോമാക്രമണങ്ങളിലും ഈ കേന്ദ്രത്തിന് കേടുപാട് ഉണ്ടായില്ല.
ഈ ഭൂഗർഭകേന്ദ്രം 300 അടിയിലേറെ ആഴത്തിൽ കട്ടിയുള്ള ഗ്രാനൈറ്റ് പാറകൾക്കടിയിലാണ് നിർമിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 2025ൽ ആക്രമിക്കപ്പെട്ട നതാൻസ്, ഫോർഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളെക്കാൾ വളരെ ആഴത്തിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 15 മാസമായി പിക്കാക്സ് മൗണ്ടനു ചുറ്റുമുള്ള ട്രക്ക് ഗതാഗതവും നിർമാണ പ്രവർത്തനങ്ങളും ഉപഗ്രഹ ചിത്രങ്ങളിലും രഹസ്യാന്വേഷണ വിവരങ്ങളിലും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
സെൻട്രിഫ്യൂജുകൾ ഏത് ആണവ കേന്ദ്രത്തിൽ നിന്നാണ് മാറ്റിയതെന്ന് വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പരിശോധനാ സംഘത്തെ പിക്കാക്സ് കേന്ദ്രത്തിൽ പ്രവേശിക്കാൻ ഇറാൻ അനുവദിച്ചിട്ടില്ല. ഈ കേന്ദ്രത്തിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങളും ഇറാൻ നൽകിയിട്ടില്ല. ഐഎഇഎ ഡയറക്റ്റർ ജനറൽ റാഫേൽ ഗ്രോസി മാർച്ചിൽ പറഞ്ഞത് 2021ൽ തന്നെ പിക്കാക്സ് കേന്ദ്രത്തിൽ ആണവ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഇറാൻ ഏജൻസിയെ അറിയിച്ചിരുന്നു എന്നാണ്.
എന്നാൽ അന്താരാഷ്ട്ര പരിശോധനയ്ക്ക് അനുമതി ലഭിക്കാത്തത് ആഗോള സമൂഹത്തിന്‍റെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്,പിക്കാക്സ് ഭൂഗർഭകേന്ദ്രം അമെരിക്കയുടെ ആക്രമണ ലക്ഷ്യമാകാമെന്ന്ആ വർത്തിച്ചു സൂചിപ്പിച്ചിട്ടുണ്ട്.
അധികം വൈകാതെ തന്നെ പിക്കാക്സിനെതിരേയും നടപടികൾ സ്വീകരിച്ചേക്കുമെന്നും ഇറാന്‍റെ സെൻട്രിഫ്യൂജുകൾ ഉള്ളതായി കരുതുന്ന പ്രദേശത്ത് അമെരിക്ക ഉടൻ തന്നെ അതിശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.