

എന്നെ വധിച്ചാൽ ഇറാനെ ബോംബിട്ടു തകർക്കണം വിവാദ പ്രസ്താവനയുമായി ട്രംപ്
വാഷിങ്ടൺ: തന്നെ ഇറാൻ വധിച്ചാൽ ഇറാനെ ബോംബിട്ടു തകർക്കണമെന്ന വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിൽ അദ്ദേഹം പ്രതികരിച്ചത്. താൻ വർഷങ്ങളായി ഇറാന്‍റെ ലക്ഷ്യപ്പട്ടികയിലാണെന്നും അദ്ദേഹം പറഞ്ഞു.
"വളരെക്കാലമായി ഞാൻ അവരുടെ ലക്ഷ്യപ്പട്ടികയിൽ ആണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ബോംബിട്ടു തകർക്കണമെന്നാണ് ഞാൻ നിർദേശം നൽകിയിരിക്കുന്നത്" ട്രംപ് ന്യൂയോർക്ക് പോസ്റ്റിനോടു പറഞ്ഞു.
വർഷങ്ങളായി ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചു വരികയാണെന്നും ആരോപിച്ച അദ്ദേഹം ഞാൻ ഇല്ലാതായാൽ നിങ്ങൾ എന്നെ മിസ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു എന്നും കൂട്ടിച്ചേർത്തു.
ഇറാന്‍റെ പ്രമുഖ സൈനിക കമാൻഡറായ ഖാസിം സുലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടതിനു പിന്നാലെ അദ്ദേഹം ഇറാന്‍റെ പ്രധാന ലക്ഷ്യമായി മാറിയെന്ന വിലയിരുത്തലുകൾ മുമ്പും ഉയർന്നിരുന്നു. നാറ്റോ ഉച്ചകോടിക്ക് ശേഷം അമെരിക്കയിലേയ്ക്കു മടങ്ങുന്നതിനിടെ സുരക്ഷാ കാരണങ്ങളാൽ ട്രംപിന്‍റെ യാത്രാ പദ്ധതിയിൽ മാറ്റം വരുത്തിയിരുന്നു. ഇത് പ്രസിഡന്‍റിന്‍റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു എന്ന് പിന്നീട് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
ഇറാൻ കൊലപാതകം നടത്താൻ ലക്ഷ്യമിടുന്നവരുടെ പട്ടികയിൽ താനാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് ട്രംപ് മുമ്പും പലതവണ പറഞ്ഞിട്ടുണ്ട്. അവരുടെ നേതാക്കൾ ഇല്ലാതായി, പിന്നാലെ വന്ന പുതിയ നേതാക്കളും ഇല്ലാതായി. ഇപ്പോൾ മറ്റൊരു നേതൃത്വമുണ്ട്. അവരും ഇല്ലാതാകുമോ എന്ന് ആർക്കറിയാം എന്നായിരുന്നു നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് നടത്തിയ പ്രസംഗം.
നാറ്റോ ഉച്ചകോടി നടന്ന ദിനങ്ങളിലൊന്നിൽ താൻ കണ്ട റിപ്പോർട്ടുകളിൽ ഒന്നിൽ ഇറാന്‍റെ എല്ലാ പട്ടികകളിലും തന്‍റെ പേരുണ്ടെന്നു കണ്ടതായും ഇതു വരെ താൻ ഭാഗ്യവാനായിരുന്നു എന്നും എന്നാൽ ആ ഭാഗ്യം എന്നും തുടരുമെന്ന് തനിക്ക് ഉറപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമെരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണാപത്രം ഇനി നിലവിലില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു.