

ഇറാൻ-ഒമാൻ ചർച്ചകൾ യുദ്ധവിരാമത്തിനു വഴിയൊരുക്കിയേക്കും
ടെഹ്റാൻ/ദോഹ: ഹോർമൂസ് കടലിടുക്കിന്‍റെ നിയന്ത്രണവും സുരക്ഷയും സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടക്കുന്ന നയതന്ത്ര ചർച്ചകളിൽ സുപ്രധാനവും നിയമപരവുമായ പ്രതിസന്ധികൾ മറികടക്കേണ്ടതുണ്ടെന്ന് ടെഹ്റാൻ സർവകലാശാലയിലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ സ്റ്റഡീസ് റിസർച്ച് ഫെലോ പ്രൊഫ. മുഹമ്മദ് ഇസ് ലാമി. അൽജസീറയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിശകലനം പങ്കു വച്ചത്.
ഇറാനും ഒമാനും പരസ്പരം പങ്കിടുന്ന അതിർത്തി സമുദ്രമേഖലയിലെ അവകാശങ്ങളും സുരക്ഷാ അധികാര പരിധിയും വിഭജിക്കലും വലിയ വെല്ലുവിളിയാണ്. കടലിടുക്കിലെ കപ്പൽ ഗതാഗത മേൽനോട്ടത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിൽ പുതിയ സംയുക്തി അധികാര സംവിധാനം രൂപീകരിക്കേണ്ടതുണ്ട്.
അമെരിക്കയ്ക്കും ജിസിസി രാജ്യങ്ങൾക്കും വേണ്ടിയാണ് ഒമാൻ ഈ മധ്യസ്ഥ ചർച്ചകളിൽ ഇടപെടുന്നതെന്ന് ഇറാനും വ്യക്തമായി മനസിലാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമൂസ് കടലിടുക്കിലെ തർക്കങ്ങളും യുഎസ്-ഇസ്രയേൽ സമഗ്ര യുദ്ധവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്.
അതിനാൽ തന്നെ ഒമാനും ഇറാനും തമ്മിൽ കടലിടുക്കിന്‍റെ സുരക്ഷയിൽ ഒരു അന്തിമ ധാരണയിൽ എത്താൻ സാധിച്ചാൽ അത് നിലവിലെ യുദ്ധത്തിനു തന്നെ നയതന്ത്ര പരിഹാരം കാണാനുള്ള വലിയൊരു വഴിയൊരുക്കുമെന്നും അദ്ദേഹം വിലയിരുത്തി. അമെരിക്കയുമായി മുൻപുണ്ടായിരുന്ന ധാരണാ പത്രത്തിനു മുമ്പു തന്നെ ഇറാൻ-ഒമാൻ ചർച്ചകൾ ആരംഭിച്ചതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ ഒരു സുപ്രധാന കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും പ്രൊഫ. ഇസ്ലാമി പങ്കു വച്ചു.