

ഇന്ത‍്യയിൽ നിന്നുള്ള മാമ്പഴങ്ങൾ നേപ്പാളിനും വേണ്ട; കാരണമിതാണ്
കാഠ്മണ്ഡു: ഇന്ത‍്യയിൽ നിന്നുള്ള മാങ്ങ ഇറക്കുമതി ചെയ്യുന്നതിന് നേപ്പാളിൽ നിരോധനം. മാങ്ങയിൽ അമിതമായി കീടനാശിനിയുടെ സാന്നിധ‍്യം കണ്ടെത്തിയതും അതിർത്തി പ്രദേശങ്ങളിലെ ക്വാറന്‍റൈൻ സൗകര‍്യങ്ങളുടെ കുറവും കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടി. ഏപ്രിൽ- മേയ് മാസം മുതൽ ഈ നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതോടെ അൽഫോൺസോ, ദശേരി, ചൗസ, കേസർ, ലങ്ഡ, ബംഗനപ്പള്ളി തുടങ്ങിയ ഇന്ത‍്യൻ മാമ്പഴങ്ങളെ ഇത് സാരമായി ബാധിക്കും. ഏകദേശം 12,000 ടൺ മാമ്പഴമാണ് നേപ്പാളിലേക്ക് ഇന്ത‍്യ കയറ്റുമതി ചെയ്തിരുന്നത്. നേരത്തെ ജപ്പാനിലും ഇന്ത‍്യയിൽ നിന്നുള്ള മാങ്ങ ഇറക്കുമതി നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേപ്പാളും സമാനമായ നടപടികളിലേക്ക് കടന്നിരിക്കുന്നത്.