നേപ്പാൾ പ്രളയം; ഇതുവരെ രക്ഷപ്പെടുത്തിയത് 11,000ലധികം പേരെ

രക്ഷാപ്രവർത്തനത്തിനായി 22,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്
Nepal floods: Over 11,000 people rescued so far.

നേപ്പാൾ പ്രളയം; ഇതുവരെ രക്ഷപ്പെടുത്തിയത് 11,000ലധികം പേരെ

Updated on

കാഠ്മണ്ഡു: നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുന്നു. നിലവിൽ 11,000ലധികം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി 22,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം 939 പേരാണ് മരിച്ചത്. 4,000ത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി 16 ഹെലികോപ്റ്ററുകളാണ് വിന്യസിച്ചിരിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ടെന്ന് നേപ്പാൾ ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് ശാന്തി മഹത് പറഞ്ഞു.

നേപ്പാൾ സൈനികരെ അടക്കമാണ് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. അപ്പർ ത്രിശൂലി 1 ഹൈഡ്രോ പവർ പ്രോജക്റ്റ് സൈറ്റിൽ നിന്ന് 254 തൊഴിലാളികളെയും സാങ്കേതിക വിദഗ്ധരെയും രക്ഷപ്പെടുത്തി. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള തുരങ്ക രക്ഷാപ്രവർത്തന വിദഗ്ധരുടെ നേതൃത്വത്തിൽ തുരങ്കങ്ങളിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.

ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളിൽ 51 എണ്ണം ബന്ധുക്കൾക്ക് കൈമാറി. 726 മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതിൽ 413 എണ്ണം നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു.

അതേസമയം ജലനിരപ്പ് അപകടനില മറികടന്നതിനെ തുടർന്ന് ബിഷ്ണുമതി നദി തീരത്ത് താമസിക്കുന്നവർക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഗ്രത പുലർത്താനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും അതോറിറ്റി നിർദ്ദേശിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ താത്കാലിക ഷെൽട്ടറുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലുള്ള ഇത്തരം ഷെൽട്ടറുകളിൽ 2970 പേരാണ് കഴിയുന്നത്.

logo
Metro Vaartha
www.metrovaartha.com