റഷ്യൻ ബഹിരാകാശ കേന്ദ്രത്തിൽ കിം-പുടിൻ കൂടിക്കാഴ്ച | Video

ഉത്തരകൊറിയയിൽ നിന്ന് പ്രത്യേക കവചിത ട്രെയിനിൽ റഷ്യയിലെത്തിയ കിമ്മിനെ ഹസ്തദാനം ചെയ്താണ് പുടിൻ സ്വീകരിച്ചത്.
റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും.
റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും.

സിയോൾ: റഷ്യൻ ബഹിരാകാശ കേന്ദ്രത്തിൽ അഞ്ച് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച പൂർത്തിയാക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും പിരിഞ്ഞു. യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് പൂർണ പിന്തുണ ഉറപ്പു നൽകിയാണ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യയിൽ നിന്ന് മടങ്ങിയത്. കിഴക്കൻ റഷ്യയിലെ വോസ്റ്റോക്നി കോസ്മോഡ്രോമിലെ ബഹിരാകാശ കേന്ദ്രത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തരകൊറിയയിൽ നിന്ന് പ്രത്യേക കവചിത ട്രെയിനിൽ റഷ്യയിലെത്തിയ കിമ്മിനെ ഹസ്തദാനം ചെയ്താണ് പുടിൻ സ്വീകരിച്ചത്. ബഹിരാകാശ കേന്ദ്രത്തിലെ സോയുസ് -2 സ്പേസ് റോക്കറ്റ് ലോഞ്ച് സജ്ജീകരണങ്ങൾ സന്ദർശിക്കാനും ഇരുവരും സമയം കണ്ടെത്തി. സന്ദർശന സമയത്ത് റഷ്യൻ ബഹിരാകാശ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോട് കിം നിരന്തരമായി റോക്കറ്റുകളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്.

റഷ്യ ഒരുക്കിയ ഉച്ചഭക്ഷണം ആസ്വദിച്ചതിനു ശേഷമാണ് കിം മടങ്ങിയത്. കിം- പുടിൻ കൂടിക്കാഴ്ചയ്ക്കു തൊട്ടു മുൻപായി ഉത്തര കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയയുടെ ബഹിരാകാശ ശാസ്ത്ര, സാങ്കേതിക കമ്മിറ്റീ ചെയർമാൻ പാക് തേ സോങ്, നാവിക സേനാ മേധാവി കിം മ്യോങ് സിക്, പാർട്ടി നേതാവ് ജോ ചുൻറ്യോങ് എന്നിവരും കിമ്മിനൊപ്പമുണ്ടായിരുന്നു. ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ റഷ്യ ഉത്തരകൊറിയയെ സഹായിക്കുമോ എന്ന ചോദ്യത്തിന് അതിനു വേണ്ടിയാണ് ഞങ്ങൾ ഇവിടെ എത്തിയതെന്നാണ് പുടിൻ മാധ്യമങ്ങൾക്ക് മറുപടി നൽകിയത്. ധൃതി കൂടാതെ എല്ലാ കാര്യങ്ങളെയും കുറിച്ച് സംസാരിക്കുമെന്നാണ് സൈനിക സഹകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി.

കൂടിക്കാഴ്ചയ്ക്കു ശേഷം കിം മടങ്ങിയതായാണ് റഷ്യയുടെ ന്യൂസ് ഏജൻസി ആർഐഎ നോവോസ്തി റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിക്ഷേപണ കേന്ദ്രമാണ് കിം-പുടിൻ കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തത്. അതു കൊണ്ടു തന്നെ റഷ്യ കിമ്മിന് ശത്രു രാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്തുന്ന ഉപഗ്രഹങ്ങളെ വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന സംശയമുയരുന്നുണ്ട്. അടുത്തിടെ ഇത്തരത്തിലുള്ള ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിൽ ഉത്തര കൊറിയ പരാജയപ്പെട്ടിരുന്നു. ഉത്തരകൊറിയയുടെ കൈവശം ധാരാളമുള്ള ആയുധങ്ങൾ യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്കു നൽകാൻ സാധ്യതയുള്ളതായി യുഎസ് ആരോപിച്ചിരുന്നു. ഇതിനു പുറകേയാണ് ബഹിരാകാശ കേന്ദ്രത്തിൽ വച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഉത്തരകൊറിയയിൽ നിന്ന് ആയുധങ്ങൾ വാങ്ങുകയോ റോക്കറ്റ് സാങ്കേതിക വിദ്യ തിരിച്ചു നൽകുകയോ ചെയ്താൽ ഇതു വരെ റഷ്യ പിന്തുണച്ച അന്താരാഷ്ട്ര കരാറിന്‍റെ ലംഘനമായിരിക്കുമത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com