യേശുവിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് 191 അനുയായികളെ പട്ടിണിക്കിട്ട് കൊന്നു; പാസ്റ്റർക്ക് 200 വർഷം തടവ് ശിക്ഷ

പാസ്റ്ററാവും മുൻപ് ടാക്സി ഡ്രൈവറായ മക്കെൻസി കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും രോഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നതിനെയും എതിർത്തിരുന്നു
notorious doomsday cult pastor paul mackenzie gets 200 years in prison for massacre in kenya

പോൾ മക്കൻസി

Updated on: 

നെയ്റോബി: യേശുവിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്റർക്ക് 200 വർഷം തടവുശിക്ഷ. ഗുഡ് ന്യൂസ് ഇന്‍റർനാഷണൽ ചർച്ച് തലവനായ പോൾ മക്കൻസിയെയാണ് 200 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

കെനിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെൻസി പള്ളിയിൽ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇയാളുടെ ആരാധന സ്ഥലത്തിന് പരിസരത്തെ വനമേഖലയിൽ നടത്തിയ പരിശോധനയിൽ 400ലേറെ കുഴിമാടങ്ങളും കണ്ടെത്തിയിരുന്നു.

യേശുവിനെ കാണാനായി ലോകം അവസാനിക്കുന്നതിന് മുമ്പ് മരണം വരെ ഉപവസിക്കാനാണ് പാസ്റ്റർ അനുയായികളോട് ആവശ്യപ്പെട്ടിരുന്നത്. ഇയാൾ പറഞ്ഞത് വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്ത 190 കുട്ടികളും ഒരു മുതിർന്ന വ്യക്തിയും ഉൾപ്പെടെ 191 പേർ ദാരുണമായി മരണപ്പെട്ടിരുന്നു. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള കൊലപാതകങ്ങൾക്ക് 100 വർഷവും വീതമാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.

ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടികൾ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവരെ ക്രൂരമായി മർദിക്കുകയും മുറികളിൽ പൂട്ടിയിടുകയും ചെയ്തതോടെ ഇവർ വിശന്നും ദാഹിച്ചും മരിച്ചതായി അന്വേഷണസംഘം കോടതിയിൽ തെളിയിച്ചു.

പാസ്റ്ററാവും മുൻപ് ടാക്സി ഡ്രൈവറായ മക്കെൻസി കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും രോഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നതിനെയും എതിർത്തിരുന്നു. വനത്തിനുള്ളിലെ ആരാധനാക്രമത്തെ വിവാഹങ്ങൾ എന്നാണ് വിളിച്ചിരുന്നത്. ഗർഭിണിയായ ഒരു സ്ത്രീക്ക് നവജാത ശിശുവിനെ മുലയൂട്ടുന്നതിൽ നിന്ന് ഇയാൾ വിലക്കിയിരുന്നു, പിന്നീട് 12 ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

2003 ലാണ് മക്കെൻസി ഗുഡ് ന്യൂസ് ഇന്‍റർനാഷണൽ മിനിസ്ട്രീസ് സ്ഥാപിക്കുന്നത്. തുടർന്നുള്ള 16 വർഷത്തിനുള്ളിൽ, കെനിയയിലുടനീളമുള്ള സഭയുടെ ശാഖകളിലേക്ക് ആയിരക്കണക്കിന് അനുയായികളെ ഇയാൾ ആകർഷിച്ചു. മെക്കൻസിയുടെ സഭ ടൈംസ് ടിവി എന്ന പേരിൽ ഒരു ടെലിവിഷൻ സ്റ്റേഷൻ നടത്തിയിരുന്നു, മക്കെൻസിയുടെ പ്രസംഗങ്ങളാണ് പ്രധാനമായും പ്രക്ഷേപണം ചെയ്തിരുന്നത്.

വിദ്യാഭ്യാസത്തെ 'തിന്മ' എന്നും ആരോഗ്യ സംരക്ഷണത്തെ 'സിദ്ധാന്തങ്ങൾക്ക് വിരുദ്ധം' എന്നും ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളെ 'പിശാചിന്‍റെ അടയാളം'എന്നുമായിരുന്നു മെക്കൻസി വിശേഷിപ്പിച്ചിരുന്നത്.