

ഇറാനു നേരെ യുഎസ് മിസൈൽ ആക്രമണം
വാഷിങ്ടൺ: ഇറാന്‍റെ നാവികത്താവളങ്ങൾ ലക്ഷ്യമാക്കി യുഎസ് മിസൈൽ ആക്രമണം നടത്തി. യുഎസ് സെൻട്രൽ കമാൻഡ് ഇതു സ്ഥിരീകരിച്ചു. അമെരിക്കൻ സൈന്യം സ്വയരക്ഷയ്ക്കായിട്ടാണ് ഇറാനെതിരേ ആക്രമണം നടത്തിയതെന്നാണ് സെൻട്രൽ കമാൻഡിന്‍റെ വാദം.
യുഎസ് സൈന്യം ഇറാന്‍റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും ബോട്ടുകളെയും ലക്ഷ്യമിട്ടതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിയൻ സൈനിക കേന്ദ്രങ്ങളിൽ നിന്നും യുഎസ് സൈനികർക്കു നേരെയുള്ള ഭീഷണി ഒഴിവാക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് പറയുന്നത്.
ദക്ഷിണ ഇറാനിയൻ മേഖലയിലാണ് യുഎസ് സൈന്യം സ്വയരക്ഷാ ആക്രമണങ്ങൾ നടത്തിയതെന്ന് സെന്‍റ്കോം വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പ്രസ്താവനയിൽ അറിയിച്ചു. മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചിരുന്ന ഇറാനിയൻ ബോട്ടുകളും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു.
അറേബ്യൻ കടലിലുള്ള യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കണിൽ നിന്നാണ് യുഎസ് പോർ വിമാനങ്ങൾ പറന്നുയർന്നത്. ഇറാന്‍റെ പ്രധാനനാവിക താവളം സ്ഥിതി ചെയ്യുന്ന ബന്ദർ അബ്ബാസ് പ്രദേശത്താണ് യുഎസ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഹോക്കിൻസ് അറിയിച്ചു. ആക്രമണങ്ങളുടെ വ്യാപ്തി വളരെ ചെറുതായിരുന്നു എന്നാണ് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.