

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
വാഷിങ്ടൺ: ഇറാന്‍റെ ഉന്നത നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നെന്ന വെളിപ്പെടുത്തലുമായി അമെരിക്ക.ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായാണ് യുഎസിന്‍റെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച് യുഎസ് ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നതായി "ദ ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
അമെരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ എട്ടിലെ ഒന്നാം വെടിനിർത്തലിനു ശേഷമുള്ള ആഴ്ചകളിൽ വധശ്രമങ്ങൾ നടത്താനായിരുന്നു ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നത്. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി ഉൾപ്പടെയുള്ളവരെ ഇസ്രയേൽ വധിച്ചതിനു പിന്നാലെയായിരുന്നു നീക്കം.
ഏപ്രിൽ 12 ന് ഇസ്ലാമബാദിൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസുമായി നടത്തിയ ചർച്ചയ്ക്കു ശേഷം തിരികെ വരികയായിരുന്ന സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്‍റെ വിമാനം ലക്ഷ്യമിട്ട് രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങൾ ഇറാഖ് വ്യോമപാത വഴി ഇറാനിലേയ്ക്കു കടക്കാൻ പദ്ധതിയിട്ടിരുന്നതായി യുഎസ് അധികൃതർ കണ്ടെത്തി.
രഹസ്യ വിവരം ലഭിച്ചതോടെ ഇറാൻ ഈ വിവരം വിമാനത്തിലേയ്ക്കു കൈമാറുകയും മുഹമ്മദ് ബാഗർ ഗാലിബാഫിന്‍റെ വിമാനം നിശ്ചയിച്ച പാത മാറി ഇറാന്‍റെ വടക്കൻ പ്രവിശ്യയായ മഷ്ഹദിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു.
ഇറാൻ വിഷയത്തിൽ ഇസ്രയേലും അമെരിക്കയും പുലർത്തിപ്പോന്ന സമാന താൽപര്യങ്ങളിൽ ഏപ്രിൽ മാസത്തോടെ തന്നെ വലിയ തകർച്ചയുണ്ടായതായി ഈ സംഭവം തെളിയിക്കുന്നു.
യുഎസും ഇറാനും തമ്മിൽ ഒപ്പു വച്ച ധാരണാപത്രത്തിന്‍റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും വ്യത്യസ്തമായ വഴികളാണ് തെരഞ്ഞെടുത്തത്. ഇസ്രയേലിന്‍റെ കടുത്ത എതിർപ്പുകളെയും നെതന്യാഹുവിന്‍റെ പരസ്യമായ തളളിപ്പറയലുകളെയും അവഗണിച്ചാണ് അമെരിക്ക സമാധാന ചർച്ചകളുമായി മുന്നോട്ടു പോയത്.