തൂക്കുകയറിൽ നിന്ന് കുരിശുമെടുത്ത് ഒരു ഇറാനിയൻ പെൺകുട്ടി

ക്രിസ്തുമതം സ്വീകരിച്ചതിന് ഇറാനിൽ തടവും വധഭീഷണിയും നേരിട്ട അനുഭവം വെളിപ്പെടുത്തി മാർസിയേ അമീരിസാദെ
Marzieh Amirizadeh

മാർസിയേ അമീരിസാദെ

Updated on: 

സ്കൂൾ പഠനകാലത്ത് 'അമേരിക്കയ്ക്ക് മരണം', 'ഇസ്രായേലിന് മരണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിതയായിരുന്നുവെന്ന് അമീരിസാദെ

ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പേരിൽ ഇറാനിൽ തടവിലാക്കപ്പെടുകയും വധശിക്ഷാ ഭീഷണി നേരിടുകയും ചെയ്ത അനുഭവങ്ങൾ തുറന്നുപറഞ്ഞ് ഇറാനിയൻ എഴുത്തുകാരിയും വിമതയുമായ മാർസിയേ അമീരിസാദെ. ദി ജെറുസലേം പോസ്റ്റിന്‍റെ 'സിറ്റ്സ് ഡൗൺ വിത്ത്' പോഡ്‌കാസ്റ്റിൽ കഴിഞ്ഞയാഴ്ച പങ്കെടുത്തപ്പോഴാണ് അവർ തന്‍റെ ജീവിതത്തിലെ നിർണായക അനുഭവങ്ങൾ വെളിപ്പെടുത്തിയത്.

വധശിക്ഷ നൽകുമെന്ന് ഭീഷണിപ്പെടുത്തിയ ജഡ്ജിക്ക് താൻ നൽകിയ മറുപടിയും അവർ അഭിമുഖത്തിൽ ഓർത്തെടുത്തു. "എന്‍റെ ജീവിതം ദൈവത്തിന്‍റെ കൈകളിലാണ്. അത് നിങ്ങളുടേതല്ല. നിങ്ങൾ എന്നോടല്ല പോരാടുന്നത്, ദൈവത്തോടാണ്" എന്നായിരുന്നു ജഡ്ജിയോടുള്ള തന്‍റെ പ്രതികരണമെന്ന് അവർ പറഞ്ഞു. ജെറുസലേം പോസ്റ്റ് ന്യൂസ് എഡിറ്റർ അലക്സ് വിൻസ്റ്റണുമായുള്ള സംഭാഷണത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.

വർഷങ്ങളായി ഇറാനിൽ രഹസ്യ ക്രിസ്ത്യൻ സഭകൾ സംഘടിപ്പിക്കുകയും ടെഹ്‌റാനിലുടനീളം രഹസ്യമായി ബൈബിളുകൾ വിതരണം ചെയ്യുകയും ചെയ്തതിനെത്തുടർന്നാണ് 2009-ൽ അമീരിസാദെ അറസ്റ്റിലായത്. മറ്റൊരു ക്രിസ്ത്യാനിക്കൊപ്പം തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 20,000 ബൈബിളുകൾ വിതരണം ചെയ്തതായി അവർ പറഞ്ഞു. പലപ്പോഴും രാത്രികാലങ്ങളിൽ വീടുകളിലെ മെയിൽബോക്സുകളിൽ ബൈബിളുകൾ നിക്ഷേപിച്ചായിരുന്നു വിതരണം. അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് 14 ദിവസം ഭൂഗർഭ തടങ്കൽ കേന്ദ്രത്തിൽ കഴിയേണ്ടിവന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ വിശ്വാസത്യാഗം ആരോപിച്ച് ജഡ്ജി തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ വെളിപ്പെടുത്തി.

ഇസ്ലാമിക് റിപ്പബ്ലിക്കിന് കീഴിലുള്ള തന്‍റെ ബാല്യകാല അനുഭവങ്ങളും അഭിമുഖത്തിൽ അവർ പങ്കുവച്ചു. സ്കൂൾ പഠനകാലത്ത് 'അമേരിക്കയ്ക്ക് മരണം', 'ഇസ്രായേലിന് മരണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിതയായിരുന്നുവെന്ന് അമീരിസാദെ പറഞ്ഞു.എന്നാൽ വീട്ടിൽ മാതാപിതാക്കൾ പഠിപ്പിച്ച മൂല്യങ്ങൾ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. മറ്റുള്ളവരോട് സ്നേഹവും ആദരവും പുലർത്താനാണ് അവർ തന്നെ പഠിപ്പിച്ചതെന്നും സ്കൂളിൽ നിർബന്ധിച്ചിരുന്ന മുദ്രാവാക്യങ്ങൾ കുടുംബത്തിൽനിന്ന് ലഭിച്ച മൂല്യങ്ങളുമായി പൊരുത്തപ്പെട്ടിരുന്നില്ലെന്നും അമീരിസാദെ ഓർത്തെടുത്തു.