

ന്യൂയോർക്കിൽ സ്കൂളിന്‍റെ ചിമ്മിനിക്കുള്ളിൽ മൃതദേഹം
file image
ന്യൂയോർക്ക്: ന്യൂയോർക്കിൽ സ്കൂളിന്‍റെ ചിമ്മിനിക്കുള്ളിൽ മനുഷ്യ ശരീരത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തി. ന്യൂയോർക്ക് നഗരത്തിലെ ക്വീൻസ് ബറോയിലുള്ള ഒരു സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ ചിമ്മിനിക്കുള്ളിൽ നിന്നാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി ന്യൂയോർക്ക് പൊലീസ് വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് ഗ്ലെൻഡെയിലുള്ള അന്തോണി പ്രാൺസോ സ്കൂളിൽ മനുഷ്യാവശിഷ്ടങ്ങൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയത്. സ്കൂൾ കെട്ടിടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒരു ജീവനക്കാരൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര സേവനമായ 911ൽ വിവരം അറിയിച്ചു.
തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ചിമ്മിനിക്കുള്ളിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 വരെ മൃതദേഹം തിരിച്ചറിഞ്ഞില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. വേനൽക്കാല അവധിയെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സ്കൂൾ നിലവിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയ സമയത്ത് സ്കൂൾ കെട്ടിടത്തിൽ വിദ്യാർഥികളാരും ഉണ്ടായിരുന്നില്ലെന്ന് ന്യൂയോർക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ സ്കൂൾ സമൂഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.