വറ്റിവരണ്ട് പാക്കിസ്ഥാൻ; വേനൽകൃഷി പ്രതിസന്ധിയിൽ

രാജ്യത്ത് ഈ വർഷം ജലലഭ്യതയിൽ 21 ശതമാനം കുറവുണ്ടാകുമെന്നു പാക് അധികൃതർ കഴിഞ്ഞമാസം മുന്നറിയിപ്പു നൽകിയിരുന്നു.
pakistan dam dried

വറ്റിവരണ്ട് പാക്കിസ്ഥാൻ; വേനൽകൃഷി പ്രതിസന്ധിയിൽ

Updated on

ഇസ്‌ലാമാബാദ്: സിന്ധു നദീജലക്കരാർ മരവിപ്പിച്ച ഇന്ത്യ വെള്ളം തടഞ്ഞതോടെ പാക്കിസ്ഥാനിൽ വേനൽക്കാല കൃഷി പ്രതിസന്ധിയിലേക്ക്. ഖാരിഫ് സീസണിലെ വിളകൾക്കു വിതയ്ക്കുന്ന കാലമാണിത്. എന്നാൽ, സിന്ധു നദിയിലെ തർബല ഡാമിലും ഝലം നദിയിലെ മംഗ്ല ഡാമിലും ജലനിരപ്പ് അടിത്തട്ടിലേക്കെത്തി. ഇന്ത്യ ഡാമുകളുടെ ഷട്ടറിട്ടതിനാൽ ചിനാബ് നദിയിൽ നീരൊഴുക്ക് കണ്ണീരുപോലെയായി.

പാക് പഞ്ചാബ് പ്രവിശ്യയിൽ 2024 ജൂൺ രണ്ടുമായി താരതമ്യം ചെയ്താൽ ഇന്നലെ 10.3 ശതമാനം മാത്രമാണു വെള്ളമെന്നു പാക് സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം പാക്കിസ്ഥാനിലെത്താൻ ഇനിയും ഒരുമാസമെടുക്കും. കൃഷിക്ക് പൂർണമായും നദീജലത്തെ ആശ്രയിക്കുന്ന പാക്കിസ്ഥാന് ഇതു കൂടുതൽ പ്രശ്നമാകും.

പാക്കിസ്ഥാനിൽ സിന്ധു നദീജലം വിതരണം ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന ഇൻഡസ് റിവർ സിസ്റ്റം അഥോറിറ്റി (ഐആർഎസ്എ)യുടെ കണക്കു പ്രകാരം പഞ്ചാബ് പ്രവിശ്യയിൽ നിലവിൽ ലഭ്യമായ ജലം 1,28,800 ക്യുസെക്സ് (ഏകദേശം 36.4 ലക്ഷം ലിറ്റർ) ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 14,800 ക്യുസെക്സ് (4.2 ലക്ഷം ലിറ്റർ) കുറവ്.

രാജ്യത്ത് ഈ വർഷം ജലലഭ്യതയിൽ 21 ശതമാനം കുറവുണ്ടാകുമെന്നു പാക് അധികൃതർ കഴിഞ്ഞമാസം മുന്നറിയിപ്പു നൽകിയിരുന്നു. അണക്കെട്ടുകളിലെ ജലം കരുതലോടെ ഉപയോഗിക്കണമെന്നും നിർദേശിച്ചു. രണ്ടു പ്രധാന ഡാമുകളിൽ വെള്ളം 50 ശതമാനം കുറയുമെന്നും പഞ്ചാബ്, സിന്ധ് പ്രവിശ്യകളിൽ ജലസേചനവും ജലവൈദ്യുത പദ്ധതികളും പ്രതിസന്ധിയിലാകുമെന്നും പാക് അധികൃതർ വിലയിരുത്തിയിരുന്നു.

ഇതു കണക്കിലെടുത്താണ് കഴിഞ്ഞയാഴ്ച തജിക്കിസ്ഥാനിലെ ദുഷൻഹെയിൽ ചേർന്ന ഹിമാനി സംരക്ഷണ ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സിന്ധു നദീജല പ്രശ്നം ഉന്നയിച്ചത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് പാക്കിസ്ഥാനുമായുള്ള നദീജലക്കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. 1960ലെ കരാർ പ്രകാരം സിന്ധു നദീവ്യവസ്ഥയിലെ വെള്ളത്തിൽ 80 ശതമാനവും പാക്കിസ്ഥാനാണ് ലഭിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com