കൂട്ടബലാത്സംഗ കേസിൽ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ ചെറുമകൻ അറസ്റ്റിൽ

ലാഹോറിൽ വച്ച് രണ്ടു വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്
Pakistan's Deputy Prime Minister Ishaq Dar

പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ

Updated on

ലാഹോർ: വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധറിന്‍റെ ചെറുമകനെ അറസ്റ്റുചെയ്തു. ലാഹോറിൽ വച്ച് രണ്ടു വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ ഇഷാഖ് ധറിന്‍റെ ചെറുമകൻ മുഹമ്മദ് റാസ ധർ ആണ് അറസ്റ്റിലായത്.

ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം. വെനിസ്വേല, നെതർലൻഡ് സ്വദേശികളായ രണ്ടു വനിതകളെയാണ് റാസ ധറും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ റാസ ധർ ഉൾപ്പെടെ നാലു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. മറ്റൊരു പ്രതി ഒളിവിലാണ്. അറസ്റ്റിലായവരെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞവർഷം സിംഗപൂരിൽ വച്ചാണ് റാസ ധർ വിദേശ വനിതകളെ പരിചയപ്പെട്ടത്. തുടർന്ന് ക്രിപ്റ്റോ കറൻസി സംരംഭത്തിൽ പങ്കാളികളായി. പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള ബിസിനസ് വിസ റാസയാണ് വിദേശ വനിതകൾക്ക് ഏർപ്പെടുത്തി നൽകിയത്. തുടർന്ന് പാക്കിസ്ഥാനിൽ എത്തിയ വിദേശ വനിതകളെ റാസ ധറും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്.

സംഭവത്തിൽ ഇഷാഖ് ധറിനെതിരെ രൂക്ഷവിമർശനം ഉയർന്നു. സംഭവത്തിൽ ഇഷാഖ് ധർ രാജി വയ്ക്കണമെന്ന് സെനറ്റർ ഫൈസൽ വാവഡ ആവശ്യപ്പെട്ടു. ഉപപ്രധാനമന്ത്രിയുടെ ബന്ധുവായതിനാൽ സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണെന്നും സെനറ്റർ ഫൈസൽ വാവഡ ആരോപിച്ചു. ബലാത്സംഗം അല്ലെന്നും തട്ടികൊണ്ടുപോകൽ മാത്രമായി കേസിനെ ചുരുക്കാൻ ശ്രമം നടക്കുകയാണെന്നും വിദേശ വനിതകളെ എത്രയും വേഗം അവരുടെ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കാനുള്ള നീക്കം നടക്കുകയാണെന്നും വാവഡ പറഞ്ഞു. അതേസമയം സംഭവത്തിൽ ഇഷാഖ് ധർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാക്കിസ്ഥാന്‍റെ ഉന്നത നേതാക്കളിലൊരാളാണ് ഇഷാഖ് ധർ. യുഎസ്-ഇറാൻ യുദ്ധത്തിൽ പാക്കിസ്ഥാന്‍റെ മധ്യസ്ഥത സംഘത്തിൽ ഇഷാഖ് ധർ ഉണ്ടായിരുന്നു. യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയേനിയുടെ ടെറ്ഹാനിൽ നടന്ന സംസ്കാര ചടങ്ങിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, കരസേന മേധാവി അസിം മുനീർ എന്നിവർക്കൊപ്പം ഇഷാഖ് ധറും പങ്കെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com