ഒരാഴ്ചത്തെ വ്യാപാര നിയന്ത്രണത്തിനുശേഷം ഇറാൻ അതിർത്തി തുറന്ന് പാക്കിസ്ഥാൻ

ഇറാനിലെ സിസ്താൻ–ബലൂചിസ്ഥാൻ പ്രവിശ്യയെയും പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയെയും വേർതിരിക്കുന്ന ഈ അതിർത്തി ഇരുരാജ്യങ്ങളുടെയും വ്യാപാരത്തിന്‍റെ പ്രധാന പാതയാണ്
Representative image

പ്രതീകാത്മക ചിത്രം

Updated on: 

ഇസ്ലാമാബാദ്: ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഇറാനുമായുള്ള പ്രധാന അതിർത്തി ചെക്ക്പോസ്റ്റ് പാക്കിസ്ഥാൻ വീണ്ടും തുറന്നു. ഇതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരവും അതിർത്തി കടന്നുള്ള ചരക്കുനീക്കവും പുനരാരംഭിച്ചു.

ബലൂചിസ്ഥാനിലെ ഗ്വാദർ ജില്ലയിലുള്ള ഗാബ്ദ്–റിംദാൻ അതിർത്തി ചെക്ക്പോസ്റ്റിൽ ശനിയാഴ്ചയാണ് വ്യാപാരം പുനരാരംഭിച്ചത്. ഗ്വാദർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്‍റ് മിർ നവീദ് ജാൻ കൽമതി അതിർത്തി തുറന്നതായി സ്ഥിരീകരിച്ചു. ഗേറ്റ് 250 എന്നും അറിയപ്പെടുന്ന ഈ പാതയിലൂടെ ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും ചരക്കുകളുമായി ട്രക്കുകൾക്കും മറ്റു വാഹനങ്ങൾക്കും സഞ്ചരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരം പുനരാരംഭിച്ചത് ഇരുവശത്തും കുടുങ്ങിക്കിടക്കുന്ന വ്യാപാരികൾക്കും ചരക്കുനീക്ക തൊഴിലാളികൾക്കും ആശ്വാസമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശൈത്യകാലം അടുക്കുന്നതിനിടെ പാക്കിസ്ഥാനിൽ രൂക്ഷമായ എൽപിജി ക്ഷാമം കുറയ്ക്കാനും ഊർജ, ഭക്ഷ്യവിലകളിലെ വർധന നിയന്ത്രിക്കാനും വിതരണശൃംഖല പുനഃസ്ഥാപിക്കുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

പാക്കിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഈ ആഴ്ച ആദ്യം ഇറാൻ സന്ദർശിച്ച് അവിടത്തെ നേതൃത്വവുമായി ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തി തുറന്നത്.

ഒക്റ്റോബർ 17നാണ് പാക്കിസ്ഥാൻ വാണിജ്യ മന്ത്രാലയം അതിർത്തി അടയ്ക്കുകയും ചരക്കുനീക്കം നിർത്തിവയ്ക്കുകയും ചെയ്തത്. സുരക്ഷാ ആശങ്കകളാണ് നടപടിക്കു പിന്നിലെന്നാണ് കരുതുന്നത്. എന്നാൽ ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിരുന്നില്ല.

അതിർത്തി അടച്ചതോടെ പാക്കിസ്ഥാനിലേക്കുള്ള എൽപിജി വിതരണം തടസപ്പെട്ടിരുന്നു. അതിർത്തിക്കു സമീപം കുടുങ്ങിയ ചരക്കുവാഹനങ്ങൾക്കു നേരെ വ്യാഴാഴ്ച അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തിയിരുന്നു. നിരവധി ട്രക്കുകൾക്ക് തീയിടുകയും മറ്റുള്ളവയ്ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.

പ്രാദേശിക ഭരണകൂടം സുരക്ഷാ സാഹചര്യം വിലയിരുത്തിയശേഷമാണ് അതിർത്തി വീണ്ടും തുറന്നത്. ചരക്കുവാഹനങ്ങൾക്ക് സംരക്ഷണം നൽകാൻ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.

പാക്കിസ്ഥാനും ഇറാനും തമ്മിൽ 909 കിലോമീറ്റർ അതിർത്തിയുണ്ട്. ഇറാനിലെ സിസ്താൻ–ബലൂചിസ്ഥാൻ പ്രവിശ്യയെയും പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയെയും വേർതിരിക്കുന്ന ഈ അതിർത്തി ഇരുരാജ്യങ്ങളുടെയും വ്യാപാരത്തിന്‍റെ പ്രധാന പാതയാണ്.

logo
Metro Vaartha
www.metrovaartha.com