

പാക്കിസ്ഥാൻ അധീന കശ്മീരിലെ സമരമുഖം.
ഇസ്‌ലാമാബാദ്: രാജ്യത്ത് റിപ്പോർട്ടിങ്ങിനെത്തുന്ന വിദേശ മാധ്യമപ്രവർത്തകർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി പാക്കിസ്ഥാൻ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഇസ്‌ലാമാബാദ്, ലാഹോർ, കറാച്ചി എന്നീ പ്രധാന നഗരങ്ങൾക്കു പുറത്തേക്ക് യാത്ര ചെയ്ത് വാർത്തകൾ ശേഖരിക്കുന്നതിന് വിദേശ മാധ്യമപ്രവർത്തകർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടിയിരിക്കണം. പാക്കിസ്ഥാൻ അധീന കശ്മീരിലെ (PoK) വ്യാപക പ്രതിഷേധങ്ങൾ സർക്കാർ അടിച്ചമർത്തുന്നതിമായി ബന്ധപ്പെട്ട വാർത്തകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനിടയിലാണ് പുതിയ നീക്കം.
ഔദ്യോഗിക ആവശ്യങ്ങൾക്കായി വാർത്താ റിപ്പോർട്ടുകൾ, ഡോക്യുമെന്‍ററികൾ, സിനിമകൾ, വീഡിയോകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ എന്നിവ നിർമിക്കാൻ മറ്റ് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മന്ത്രാലയത്തിന്‍റെ എക്സ്റ്റേണൽ പബ്ലിസിറ്റി (ഇപി) വിങ്ങിൽ രജിസ്റ്റർ ചെയ്ത എല്ലാ വിദേശ മാധ്യമപ്രവർത്തകരും മുൻകൂട്ടി എൻഒസി വാങ്ങിയിരിക്കണമെന്ന് ഉത്തരവിൽ പറയുന്നത്.
പ്രിന്‍റ്, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾ, വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ ഔട്ട്‌ലെറ്റുകൾ എന്നിവയ്‌ക്കൊപ്പം വിദേശ മാധ്യമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി പാക്കിസ്ഥാൻ മാധ്യമപ്രവർത്തകർക്കും ഈ നിയമം ബാധകമാണ്.
വിദേശ മാധ്യമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ മാധ്യമപ്രവർത്തകരും ഇപി വിങ്ങിന്‍റെ ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. തുടർന്ന് പാക്കിസ്ഥാൻ സർക്കാർ ക്യുആർ കോഡ് അടങ്ങിയ പിവിസി അക്രഡിറ്റേഷൻ കാർഡുകൾ നൽകും. രജിസ്ട്രേഷൻ നടപടികൾ ഏഴ് ദിവസത്തിനകം പൂർത്തിയാകും, എന്നാൽ, അക്രഡിറ്റേഷൻ കാർഡുകൾ ലഭിക്കാൻ നാല് മുതൽ ആറ് ആഴ്ച വരെ എടുത്തേക്കാം. അക്രഡിറ്റേഷൻ അപേക്ഷകൾ അംഗീകരിക്കാനും നിരസിക്കാനുമുള്ള പൂർണ അധികാരം ഇപി വിങ്ങിനുണ്ട്.
പാക് അധീന കശ്മീരിലെ (PoK) പ്രാദേശിക തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെയുണ്ടായ പ്രക്ഷോഭങ്ങളും അടിച്ചമർത്തലുകളും വലിയ തോതിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ വന്നിരിക്കുന്നത്. മാധ്യമപ്രവർത്തകർക്കു മേലുള്ള വിലക്കുകൾ, ആശയവിനിമയം തടസപ്പെടുത്തൽ, മാധ്യമപ്രവർത്തകരുടെ തിരോധാനങ്ങൾ എന്നിവയിൽ ആംനെസ്റ്റി ഇന്‍റർനാഷണൽ, കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്സ് (CPJ ഏഷ്യ), ആർട്ടിക്കിൾ 19 തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.