മെക്സിക്കോയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

അയൽരാജ്യങ്ങളായ ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും പ്രകമ്പനം
Representative image

പ്രതീകാത്മക ചിത്രം

Updated on

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കൻ തീരപ്രദേശമായ പ്യൂർട്ടോ മഡെറോയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ വൻ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ചയാണ് ഭൂചലനം ഉണ്ടായത്.

അമേരിക്കൻ ജിയോളജിക്കൽ സർവേ പ്രകാരം ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു. ഭൂചലനത്തിന്‍റെ പ്രകമ്പനം മെക്സിക്കോയുടെ വിവിധ ഭാഗങ്ങൾക്കു പുറമെ അയൽരാജ്യങ്ങളായ ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ശക്തമായ കുലുക്കത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നുമിറങ്ങി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.

ഭൂചലനത്തെ തുടർന്ന് മെക്സിക്കോയുടെ പസഫിക് തീരപ്രദേശങ്ങൾക്കായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കടൽനിരപ്പിൽ വ്യതിയാനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദുരന്തനിവാരണ സംഘങ്ങളും പ്രാദേശിക ഭരണകൂടവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഭൂചലനത്തിന്റെ ആഘാതം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

logo
Metro Vaartha
www.metrovaartha.com