

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്
ടോക്യോ: ജപ്പാനിലെ ക്യുഷുവിൽ അതിശക്തമായ ഭൂചലനം. 7.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. സമുദ്രോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഉത്ഭവകേന്ദ്രമെന്ന് ജപ്പാനിലെ കാലാവസ്ഥാ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 3.28 അടി വരെ ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടേക്കാമെന്നും തീരദേശവാസികൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുക്കുവോക, സാഗ, ഓയിറ്റ, മിയാസാക്കി എന്നിവിടങ്ങളിലും ഭൂചലനത്തിന്‍റെ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏഴു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ജപ്പാനിൽ ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. ജൂൺ 25നുണ്ടായ ഭൂചലനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.