
പാക് അധിനിവേശ കശ്മീരിൽ വെടിവയ്പ്പ്; 8 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ 8 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടു. ബാഗ് ജില്ലയിലെ ധിർക്കോട്ടിൽ നാലു പേരും മുസാഫർബാദിൽ രണ്ടു പേരും മിർപുരിൽ രണ്ടു പേരും കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്നുദിവസമായി പാക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം തുടരുകയാണ്. അവാമി ആക്ഷൻ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ നിരസിച്ചുവെന്ന കാരണത്തിന്‍റെ പേരിൽ പ്രക്ഷോഭം ശക്തമായത്.
പ്രദേശത്തെ കടകളും വാണിജ്യസ്ഥാപനങ്ങളും ഗതാഗത സേവനങ്ങളും പൂർണമായും തടസപ്പെട്ട നിലയിലാണ്. കഴിഞ്ഞ 70 വർഷമായി തങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയാണെന്നും ഒന്നുകിൽ അവകാശങ്ങൾ ഉറപ്പാക്കുക അല്ലെങ്കിൽ ജനങ്ങളുടെ വിധി അഭിമുഖീകരിക്കുകയെന്നും എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറയുന്നു.
പാക് അധിനിവേശ കശ്മീർ അസംബ്ലിയിൽ പാക്കിസ്ഥാനിൽ ജീവിക്കുന്ന കശ്മീരി അഭയാർഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന 12 സീറ്റുകൾ റദ്ദാക്കുക തുടങ്ങി 38 ആവശ്യങ്ങളാണ് പ്രതിഷേധകാരികൾ മുന്നോട്ടു വച്ചിരിക്കുന്നത്. സമരം പ്ലാൻ എ മാത്രമാണെന്നും മറ്റു പ്ലാനുകൾ പലതും തങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.